റോഹിങ്ക്യൻ നേതാവ് മുഹമ്മദ് മുഹിബ്ബുല്ല വെടിയേറ്റ് മരിച്ചു


ധാക്ക: റോഹിങ്ക്യൻ മുസ്ലീം നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു. തെക്കൻ ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർത്ഥി ക്യാന്പിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ഇന്നലെ രാത്രി 8:30ഓടെയാണ് ആക്രമണമുണ്ടായത്.

മുഹിബ്ബുല്ലയുടെ വധത്തിന് പിന്നാലെ ബംഗ്ലാദേശിലെ 34 റോഹിങ്ക്യൻ ക്യാന്പുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വക്താവ് റഫീഖുൽ ഇസ്‍ലാം അറിയിച്ചു. രാത്രി നമസ്കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫീസിന് പുറത്ത് അഭയാർത്ഥി നേതാക്കളുമായി സംസാരിക്കവെയാണ് അജ്ഞാത നാലംഗ സംഘം മുഹിബുല്ലക്ക് നേരെ വെടിയുതിർ‍ത്തതെന്ന് റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് (ARPSH) വക്താവ് മുഹമ്മദ് നൗഖിം പറഞ്ഞു.

വെടിയേറ്റപ്പോൾ‍ ആദ്യം മുഹിബ്ബുല്ലയെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ‍ പിന്നീട് കോക്സ് ബസാർ സദർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി ശബ്ദമുയർ‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്‍റെ (എആർ‍എസ്പിഎച്ച്) ചെയർമാനായിരുന്നു മുഹിബ്ബുല്ല.

അതേസമയം, മുഹിബ്ബുല്ലയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ക്യാന്പുകളിൽ താമസിക്കുന്ന ആളുകളുടെ സംരക്ഷണം ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരും യുഎൻ അഭയാർത്ഥി ഏജൻസിയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. 7,40,000 അഭയാർത്ഥികളാണ് ഈ ക്യാന്പിൽ കഴിയുന്നത്.

You might also like

Most Viewed