വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടനയെ യു.എസ്. അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്ന് ചൈന

ബെയ്ജിങ്: വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഫോർട്ട്ഡീട്രിക് ലാബ് ഉൾപ്പെടെ യു.എസിന്റെ ലോകമെന്പാടുമുള്ള 200ൽ അധികം ജൈവ ലാബുകളെക്കുറിച്ച് വിശദീകരിക്കാനും ലോകാരോഗ്യ സംഘടനയെ യു.എസ്. അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ. കോവിഡിന്റെ ഉത്ഭവത്തിൽ സുപ്രധാന സൂചനകൾ നൽകിയേക്കാവുന്നവരുടെ മെഡിക്കൽ റെക്കോർഡുകൾ ചൈന പുറത്തുവിടണമെന്ന അമേരിക്കൻ ആരോഗ്യ വിദഗ്ദ്ധൻ ഡോ.ആന്തണി ഫൗച്ചിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ്.
2019 ഡിസംബർ 30ന് മുന്പ് കൊറോണ വൈറസിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തത വരുത്തിയിട്ടുള്ളതാണ്. യുഎസ്, ഡബ്യു.എച്ച്.ഒ വിദഗ്ദ്ധരെ അവരുടെ രാജ്യത്തേക്ക് വിളിച്ച് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയും ഫോർട്ട് ഡീട്രിക് ലാബ് ഉൾപ്പെടെ ലോകമെന്പാടുമുള്ള 200ൽ അധികം ലാബുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യട്ടെ. − വാങ് വെൻബിൻ പറഞ്ഞു.
വുഹാനിലെ ലാബിലെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങൾ ചൈന പുറത്ത് വിടണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായ ആന്തണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. 2019 ൽ ചികിത്സ തേടിയ വുഹാൻലാബ് ജീവനക്കാരായ മൂന്ന് പേരുടെയും മെഡിക്കൽ വിവരങ്ങൾ തനിക്ക് പരിശോധിച്ചാൽ കൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മൂന്ന് പേർക്ക് അസുഖം വന്നിരുന്നോയെന്നും എങ്കിൽ എന്ത് രോഗമാണ് ബാധിച്ചതെന്നും ചൈന പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഡബ്ല്യു.എച്ച്.ഒ.യോട് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് പുനരന്വേഷണത്തിന് നേരത്തെ ബൈഡന്റെ മെഡിക്കൽ ഉപദേഷ്ടാവ് കൂടിയായ ഡോ. ആന്തണി ഫൗച്ചി അഭ്യർഥിച്ചിരുന്നു. ലാബിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തം മുന്പ് അംഗീകരിക്കാതിരുന്ന ഫൗച്ചി പക്ഷേ, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആർക്കും 100 ശതമാനം അറിവില്ലാത്തതിനാൽ പുനരന്വേഷണം വേണമെന്നാണ് അവശ്യപ്പെട്ടത്.
വുഹാനിലെ ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്ന വാദത്തിൽ യുഎസ് ഇന്റലിജന്റ്സ് അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യം ഒരു മാസം മുന്പ് അവിടുത്തെ ലാബിൽ ജോലി ചെയ്തിരുന്നവർക്ക് രോഗബാധ ഉണ്ടായിരുന്നു എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നത്.