കോവിഡ്: ബ്രസീലിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല

വാഷിംഗ്ടണ്‍: ബ്രസീലിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ബ്രസീലിൽ ഉണ്ടായിരുന്ന അമേരിക്കക്കാരല്ലാത്ത എല്ലാവർക്കും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വിദേശികളിൽനിന്ന് കൂടുതൽ വൈറസ് ബാധ ഉണ്ടാവാതിരിക്കാനാണ് പുതിയ നിയന്ത്രണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധത്തെ വിലക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് താത്കാലികമാണെന്നും ഏതെങ്കിലും ഒരുഘട്ടത്തിൽവെച്ച് പിൻവലിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബർട്ട് ഓബ്രിയൻ പറഞ്ഞു. ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 365,213 കോവിഡ് കേസുകളും 22,746 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിൽ 17 ലക്ഷം കോവിഡ് കേസുകളും ഒരു ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.