രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; 20,000 പേരെ ഒഴിപ്പിച്ച് ബെർലിൻ

ഷീബ വിജയൻ
ബെർലിൻ I രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ബെർലിനിൽ 20,000ത്തോളം പേരെ ഒഴിപ്പിച്ചു. നഗരത്തിലെ ഫിഷെറിൻസെൽ പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഏകദേശം 7500 താമസക്കാരോട് വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് പൊട്ടാത്ത രണ്ട് ബോംബുകളാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. സ്‌പ്രീ നദിയിൽ നാല് മീറ്റർ താഴ്ചയിൽ ചെളിയിൽ മൂടിയ നിലയിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. ബോംബ് കണ്ടെത്തിയതിന് 500 മീറ്റർ ചുറ്റളവിൽ പൊലീസ് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഫിഷെറിൻസെൽസിന് ചുറ്റുമുള്ള പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ബെർലിൻ പൊലീസ് എക്സിൽ കുറിച്ചു. ബുധനാഴ്ച സ്പാൻഡോ ജില്ലയിൽ നിന്ന് 100 കിലോഗ്രാം ഭാരമുള്ള മറ്റൊരു ബോംബ് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഏകദേശം 12,000 പേർ ജില്ല വിട്ടുപോകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഹോങ്കോങിലും രണ്ടാം ലോക മഹായുദ്ധകാലത്ത് അവശേഷിച്ച യുഎസ് നിർമിത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബോംബിന് 1.5 മീറ്റർ (ഏകദേശം അഞ്ച് അടി) നീളവും ഏകദേശം 1000 പൗണ്ട് (450 കിലോഗ്രാം) ഭാരവുമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹോങ്കോംഗ് ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വാറി ബേയിലെ നിർമ്മാണ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. 6,000 വ്യക്തികൾ ഉൾപ്പെടുന്ന ഏകദേശം 1,900 വീടുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.
DDSASDAS