കോവിഡിനെ നിർജീവമാക്കുന്ന രണ്ട് ആന്റിബോഡികൾ ചൈന കണ്ടെത്തി

ബീജിങ്: കോവിഡിനെ നിർജീവമാക്കുന്ന രണ്ട് ആന്റിബോഡികൾ രോഗമുക്തനായ ആളിൽനിന്ന് കണ്ടെത്തിയതായി ശാസ്‌ത്രജ്ഞർ. വാക്‌സിൻ കണ്ടെത്താനും ചികിത്സയ്ക്കുമിത് ഉപകരിക്കുമെന്നാണ് ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ശാസ്‌ത്രജ്ഞർ പറയുന്നത്.
വൈറസിന്റെ ഗ്ലൈക്കോപ്രോട്ടീനിൽ, ആന്റിബോഡികൾ ഉറയ്ക്കുന്നതോടെ മനുഷ്യശരീരത്തിലേക്ക് വൈറസിന് കടക്കാനാകില്ല. ബി38, എച്ച്4 എന്ന് പേരിട്ടിരിക്കുന്ന ആന്റിബോഡികളുടെ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്നാണ് ‘സയൻസ്’ ജേണലിലുള്ളത്. ഇരു ആന്റിബോഡികളും ഒരുമിച്ചുള്ള പരീക്ഷണമാണ് നടത്തിയത്.
ഇതേസമയം ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് അധികൃതർ അനുമതി നൽകി . സ്വിസ് മരുന്നുനിർമാണ കമ്പനിയായ റോച്ചേ വികസിപ്പിച്ച പരിശോധനാ രീതിയാണ് പരീക്ഷിക്കുന്നത്. രക്തത്തിൽ ആന്റിബോഡിയുണ്ടോയെന്ന് പരിശോധിച്ച് മുമ്പ് വൈറസ് ബാധിച്ചിട്ടുണ്ടോ എന്നാണ് നോക്കുന്നത്. പരിശോധന നൂറുശതമാനം കൃത്യമാണെന്ന് അധികൃതർ അറിയിച്ചു.