മലയാള സിനിമ റിലീസും ഡിജിറ്റൽ പ്ലാറ്റുഫോമിലേക്ക്; ആദ്യ ചിത്രം ജയസൂര്യയുടെ ‘സൂഫിയും സുജാതയും’

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിലെത്താതെ ഒരു മലയാള സിനിമ ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു. ജയസൂര്യ ചിത്രം ‘സൂഫിയും സുജാത’യുമാണ് ആമസോൺ പ്രൈം വഴി പ്രേക്ഷക മുന്നിലെത്തുന്നത്. നായകൻ ജയസൂര്യയാണ് ഇക്കാര്യം തന്റെ ഫേസ്ബുക് പേജ് വഴി പ്രേക്ഷകരെ അറിയിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രം ലോക്ക്ഡൗൺ ഇളവുകൾക്കു ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കോവിഡ്, ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരുന്നു.
ബോളിവുഡ് നടി അദിതി റാവു ഹൈദരി ആണ് ജയസൂര്യയുടെ നായികയാവുന്നത്. കഥക് നർത്തകിയുടെ വേഷമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.