ഡബ്ല്യുടിഒ തലവൻ രാജി വെച്ചു

ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവൻ റോബർട്ടോ അസിവേദോ രാജിവെച്ചു. ഒരു വർഷം കൂടി കാലാവധി ബാക്കിനിൽക്കേയാണ് രാജി. തുടർച്ചയായ രണ്ടാം തവണയാണ് റോബർട്ടോ അസിവേദോ ഡബ്ല്യുടിഒയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തേയ്ക്ക് എത്തിയത്. രാജി വ്യക്തിപരമാണെന്നും ആഗസ്റ്റ് 31നു താൻ പടിയിറങ്ങുമെന്നും ബ്രസീലുകാരനായ റോബർട്ടോ അറിയിച്ചു.
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായുള്ള ഭിന്നതകളെ തുടർന്നാണ് റോബർട്ടോയുടെ രാജിയെന്നാണ് സൂചന. കോവിഡ് വ്യാപനത്തിനു പിന്നാലെ ഡബ്ല്യുടിഒ യുഎസ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. വ്യാപാര ഇടപാടുകളിൽ ചൈനയെ പിന്തുണയ്ക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. രാജിക്കു പിന്നാലെ റോബർട്ടോയെ പ്രകീർത്തിച്ചു ഡബ്ല്യുടിഒയുടെ യുഎസ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ രംഗത്തുവന്നു.