ശ്രീലങ്കയിൽ ഇടക്കാല മന്ത്രിസഭ: ഇനി ഭരണം സഹോദരങ്ങളുടെ കൈകളിൽ
കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോതബായ രജപക്‌സ തന്റെ രണ്ട് സഹോദരങ്ങളെ ഉൾപ്പെടുത്തി വെള്ളിയാഴ്ച 16 അംഗ ഇടക്കാല മന്ത്രിസഭയ്ക്ക് രൂപം നൽകി. രണ്ട് തമിഴ് വംശജരും മന്ത്രിസഭയിലുണ്ട്. ഇടതുകക്ഷിയായ മഹാജന എക്‌സാത്ത് പേരമുനയുടെ മുതിർന്ന നേതാവ് ദിനേശ് ഗുണവർധന വിദേശകാര്യ മന്ത്രിയായി. ഗോതബായയുടെ മൂത്ത സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്‌സക്ക് പ്രതിരോധ, സാമ്പത്തിക മന്ത്രാലയങ്ങളുടെ ചുമതല നല്‍കി. മറ്റൊരു സഹോദരൻ ചമൽ രജപക്‌സയെ ഭക്ഷ്യ സുരക്ഷാമന്ത്രിയാക്കി. വടക്കൻ മേഖലയിയില്‍നിന്നും മധ്യ ശ്രീലങ്കയിലെ തേയിലത്തൊട്ടംമേഖലയിൽനിന്നുമാണ് രണ്ട് തമിഴ് ന്യൂനപക്ഷ അംഗങ്ങൾ. സഹമന്ത്രിമാരെ അടുത്ത ആഴ്ച നിയമിക്കുമെന്നും ഗോതബായ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അറിയിച്ചു. പരാജയപ്പെട്ട പ്രസിഡണ്ട് സ്ഥാനാർത്ഥി സജിത് പ്രേംദാസയെ ശ്രീലങ്കൻ പ്രതിപക്ഷ നേതാവാകണമെന്ന് തമിഴ് ന്യൂനപക്ഷങ്ങൾ. രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയ്ക്ക് പകരം പ്രേംദാസ പ്രതിപക്ഷ നേതാവായി വരണമെന്ന് തമിഴ് ദേശീയസഖ്യം (ടി.എൻ.എ) നിലപാടെടുത്തു.
സജിത് പ്രേംദാസ നവംബർ 16ന് നടന്ന തിരഞ്ഞെടുപ്പിൽ ഗോതബായയോട് തോറ്റതോടെ യു.എൻ.പിയില്‍ കടുത്ത ഭിന്നത രൂപംകൊണ്ടിരുന്നു. വിക്രമസിംഗെയും പ്രേംദാസയും തമ്മിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്. യു.എൻ.പി എംപിമാരും പ്രേംദാസയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്‌പീക്കർക്ക് കത്തയച്ചിരുന്നു. 55 ലക്ഷം വോട്ട് നേടിയ പ്രേംദാസാണ് പ്രതിപക്ഷ നേതാവാകാൻ അർഹനെന്ന് നേതാക്കൾ പറഞ്ഞതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

