ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് ട്രംപ്; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു
വാഷിംഗ്ടൺ: അമേരിക്കൻ ഡ്രോൺ തകർത്ത ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി ട്രംപ്. എന്നാൽ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ട്രംപ് ഉത്തരവ് പിൻവലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കൻ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാൽ മിസൈൽ വിടുന്നതിന് മുന്പ് ആക്രമണ നിർദ്ദേശം അമേരിക്കൻ പ്രസിഡണ്ട് പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നടത്താനായിരുന്ന പദ്ധതി. ഇറാനിലെ ജനങ്ങൾക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.
മിസൈൽ ഉപയോഗിച്ച് ഇറാന്‍റെ റഡാർ സംവിധാനങ്ങളും, മിസൈൽ കേന്ദ്രങ്ങളും തകർക്കാനുമാണ് ട്രംപ് സൈന്യത്തിന് നിർദ്‍ദേശം നൽകിയത് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്‍റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. എന്നാൽ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.അതേ സമയം ഇറാന്‍റെ നടപടി വലിയ തെറ്റെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പരസ്യമായി പ്രതികരിച്ചത്.
നിരീക്ഷക ഡ്രോൺ ഇറാൻ മിസൈലുപയോഗിച്ച് തകർത്തത് ആദ്യം അമേരിക്ക നിഷേധിച്ചിരുന്നു. പിന്നീട് സംഭവം സ്ഥിരീകരിച്ച അമേരിക്കൻ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്ന് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മേഖലയിലേക്ക് കൂടുതൽ സേനയെ അയക്കാൻ കഴിഞ്ഞ ദിവസം അമേരിക്ക തീരുമാനിച്ചിരുന്നു.

