മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങി
മോസ്കോ: റഷ്യയിലെ മോസ്കോ വിമാനത്താവളത്തിൽ അഞ്ച് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ കുടുങ്ങി. ഇവരെ ഉടൻ ഡൽഹിയിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഡൽഹിയിലേക്കുള്ള ഏറോഫ്ലോട്ട് വിമാനത്തിലായിരുന്നു ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികൾ പൂർത്തിയാക്കുകയും ചെയ്തശേഷം വിമാനത്താവളത്തിൽ കയറാൻ അനുവദിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതേസമയം വൈകിയെത്തിയത് കാരണമാണ് വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്നതെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിശദീകരണം.
ഇന്ത്യക്കാർ കുടുങ്ങിയ വിവരം ലഭിച്ച ഉടൻ തന്നെ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടുവെന്ന് മുരളീധരൻ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാർഥികൾക്ക് ലഗേജുകൾ തിരിച്ചു ലഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ ഉടൻ തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസി സ്വീകരിച്ചു വരികയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

