ജപ്പാനിൽ ഭൂചലനം: സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു
ടോക്കിയോ: ജപ്പാനിൽ 6.8 തീവ്രതയിൽ ഭൂചലനമുണ്ടായതിനു പിന്നാലെ പുറപ്പെടുവിച്ച സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്.
മുൻകരുതലിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സർവ്‍വീസുകൾ നിർത്തിയിരുന്നു. ഇരുന്നൂറിലേറെ വീടുകളിൽ വൈദ്യുതിബന്ധം തകരാറിലായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളിൽ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ ഒസാക മേഖലയിലുണ്ടായ ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.

