അർ­മേ­നി­യൻ പ്രധാ­നമന്ത്രി­ രാ­ജി­വെ­ച്ചു­


യേരെവാൻ : ദിവസങ്ങൾ‍ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ‍ അർ‍മേനിയൻ പ്രധാനമന്ത്രി സെർ‍ഷ് സർ‍ഗ്‌സ്യാൻ രാജിവെച്ചു. പത്ത് വർ‍ഷം പ്രസിഡണ്ട് പദവിയിലിരുന്ന സർ‍ഗ്‌സ്യാൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. അധികാരങ്ങൾ പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന ഭരണഘടനാ ഭേദഗതി സർ‍ഗ്‌സ്യാൻ ഇതിനു മുന്പായി നടത്തിയിരുന്നു. സർ‍ഗ്‌സ്യാൻ അധികാരത്തിൽ‍ കടിച്ചുതൂങ്ങുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

സർ‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ട് വൻ ജനകീയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ‍ അർ‍മേനിയ വേദിയായത്. പ്രതിപക്ഷ നേതാവ് നിക്കോൾ‍ പാഷീനിയന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭ പരിപാടികൾ‍ ആരംഭിച്ചത്. ജനങ്ങളുടെ വികാരം മാനിച്ച് രാജിവെയ്ക്കുന്നതായി സർ‍ഗ്‌സ്യാൻ പ്രസ്താവനയിൽ‍ വ്യക്തമാക്കി. 

അർമേനിയയിലെ സ്ഥിതിഗതികൾ വളരെ ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അർമേനിയയിൽ നടക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും റഷ്യ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed