സാന്പിൾ വെടിക്കെട്ട് ഇരന്പി

തൃശ്ശൂർ : കർശന നിയന്ത്രണങ്ങൾക്കൊടുവിൽ സാംപിൾ വെടിക്കെട്ട് ഇരന്പി. വർണഭംഗി ഒട്ടും ചോരാതെയായിരുന്നു വെടിക്കെട്ട്. ബാരിക്കേഡ് നിരത്തിയും വടം കെട്ടിയും പോലീസ് നിയന്ത്രിച്ചെങ്കിലും ഇന്നലെ സന്ധ്യയ്‌ക്ക് പരിധികളില്ലാത്ത ആസ്വാദന മനസോടെ ജനങ്ങൾ ആകാശപ്പൂരത്തിന്റെ കരുത്തറിയിച്ച സാന്പിൾ വെടിക്കെടിനു സാക്ഷികളായി.
നീണ്ടുനിന്ന വെടിക്കെട്ട് പതിഞ്ഞ താളത്തിൽ തുടങ്ങി പെരുകിയവസാനിച്ചു. ഓലപ്പടക്കത്തിലായിരുന്നു പാറമേക്കാവിന്റെ തുടക്കം. ഗുണ്ടും അമിട്ടും കുഴിമിന്നിയും ഇടകലർന്നു പൊട്ടിയെങ്കിലും ശബ്ദതീവ്രത താഴ്ന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാഴ്ചക്കാരായെത്തി.
30 മിനിറ്റോളം നീണ്ട ഇടവേളയിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി 8.20നു തിരുവന്പാടി തിരികൊളുത്തി. നാലു മിനിറ്റോളം നീണ്ട വെടിക്കെട്ടിൽ അമിട്ടുകളും കുഴിമിന്നിയും മാനത്തു വിസ്മയം തീർത്തു. കുണ്ടന്നൂർ സുന്ദരാക്ഷനും കാഞ്ഞിരക്കോട് ശ്രീനിവാസനുമാണു പാറമേക്കാവിന്റെ സാംപിൾ വെടിക്കെട്ടൊരുക്കിയത്. തിരുവന്പാടിക്കായി പി.എം.സജി കരിമരുന്നു പ്രകടനമൊരുക്കി.
പതിവിൽ നിന്ന് വ്യത്യസ്തമായി അടുത്ത് നിന്നു വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാതിരുന്നതു കാണികളെ നിരാശരാക്കി. സ്വരാജ് റൗണ്ടിന്റെ പ്രധാന ഭാഗങ്ങളിലേക്കു കാണികളെ കടത്തിവിടുന്നത് കർശനമായി തടഞ്ഞിരുന്നു. വൈകുന്നേരം മുതൽക്ക് തന്നെ കർശന പോലീസ് സാന്നിധ്യം സ്വരാജ് റൗണ്ടിൽ ഏർപ്പെടുത്തിയിരുന്നു. മുൻകരുതലെടുത്തിരുന്നതിനാൽ വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി