സിറിയയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന
വാഷിങ്ടൺ : സിറിയയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാൻസും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു.
ദമാസ്കസിനു സമീപം ഡൗമയിൽ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകർക്കുക മാത്രമായിരുന്നു ലക്ഷ്യം. യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെ നടത്തിയ ആക്രമണം ആവസാനിച്ചതായും യുഎസ് അറിയിച്ചു. സിറിയയ്ക്കെതിരെ ‘അപകടകരമായ’ ഒരു നീക്കവും നടത്തരുതെന്ന് യുഎസിനോടും ബ്രിട്ടനോടും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.
സിറിയൻ തലസ്ഥാനമായ ദമാസ്കസിന്റെ സമീപ പ്രദേശങ്ങളിൽ ഉഗ്രസ്‌ഫോടനങ്ങളാണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങൾക്കു നേരെ പ്രയോഗിച്ചതെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയിൽ ഭൂരിഭാഗവും തകർത്തതായും സിറിയ അറിയിച്ചു. ദമാസ്കസിനു തെക്കു ഭാഗത്ത് 13 മിസൈലുകൾ തകർത്തെന്നും സിറിയൻ വ്യോമസേന അറിയിച്ചു.

