കഠ്‌വ പെൺകുട്ടിക്കെതിരെ മോശം കമന്റ് : പ്രതിക്കെതിരെ കേസെടുത്തു


കൊച്ചി : കഠ്‍വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച് സമൂഹമാധ്യമത്തില്‍ കമന്റിട്ട കൊച്ചി സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 163 എ പ്രകാരം മതസ്പർധ വളര്‍ത്താനായി പ്രവര്‍ത്തിച്ചതിനു കൊച്ചി പനങ്ങാട് പൊലീസാണു കേസെടുത്തത്. സമൂഹമാധ്യമങ്ങൾ ക്രൂരതയെ എതിർത്ത് രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടർന്നു. പ്രതിഷേധത്തിനൊടുവിൽ വിഷ്ണു നന്ദകുമാറിനെ അദ്ദേഹം ജോലി ചെയ്യുന്ന കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ജോലിയിൽനിന്നു പിരിച്ചു വിട്ടു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ സഹോദരനും ആര്‍എസ്എസ് നേതാവുമായ ഇ.എന്‍. നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാർ. നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും രാജ്യാന്തര പുസ്തകോത്സവ സമിതി കണ്‍വീനറുമാണ് ഇ.എന്‍. നന്ദകുമാര്‍.

ഫെയ്സ്ബുക്ക് ഗ്രൂപ്പിലായിരുന്നു വിഷ്ണുവിന്റെ കമന്റ്. സംഭവം കൈവിട്ടതോടെ ഇയാൾ ഫെയ്സ്ബുക് ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എറണാകുളം പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായ വിഷ്ണുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാംപെയ്ന്‍ നടന്നിരുന്നു. നിഷ്കളങ്കയായ ബാലികയെ അതിക്രൂരമായി മാനഭംഗം ചെയ്തവരെ അനുകൂലിക്കുന്നവരെ ബാങ്ക് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വികാരം. പ്രതിഷേധം കടുത്തതോടെ ബാങ്ക് വിഷ്ണു നന്ദകുമാറിനെതിരെ നടപടിയെടുക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed