സിറിയയിൽ ഭൂഗർഭ ഷെൽട്ടറിന് നേരെ വ്യോമാക്രമണം : 37 മരണം
ഡമാസ്്ക്കസ് : സിറിയയിലെ കിഴക്കൻ ഗൂട്ടായിൽ ഭൂഗർഭ ഷെൽട്ടറിൻ നേരെ വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തിൽ 37 ഓളം പേർ കൊല്ലപ്പെട്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വിമതർക്കെതിരായ പോരാട്ടം അതിരൂക്ഷമായി തുടരുന്ന കിഴക്കൻ ഗൂട്ടായിലെ അർബീൻ മേഖലയിലാണ് സിറിയൻ ഭരണകൂടത്തിന്റെ ക്രൂരത. ഭൂഗർഭ ഷെൽട്ടറുകൾക്ക് നേരെയും വ്യോമാക്രമണം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യോമാക്രമണത്തിൽ 37 ആളുകൾ വെന്തുമരിച്ചെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സിറിയൻ സിവിൽ ഡിഫൻസും വൈറ്റ് ഹെൽമറ്റും പറഞ്ഞു. കൂടാതെ വ്യോമാക്രമണത്തിൽ 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നാപാം ഗ്യാസ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും ഇവർ പറയുന്നു. അർബീനിലെ ഭൂഗർഭ നിലവറയിൽ ഏകദേശം 117 മുതൽ 125 ആളുകളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നുവെന്ന് ആക്ടിവിസ്റ്റ് ആയ ഇസത്ത് മുസ്‌ലിമാണി പറഞ്ഞു. പലർക്കുമേറ്റ പൊള്ളൽ ഗുരുതരമാണ്. അടിയന്തര ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. അതിനാൽ മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇസത്ത് പറഞ്ഞു.
കഴിഞ്ഞ മാസവും സിറിയൻ സർക്കാർ അർബീനിൽ ക്ലോറിൻ വാതകവും ഫോസ്‌ഫറസും നാപാമും ഉപയോഗിച്ചെന്ന് സിറിയൻ സിവിൽ ഡിഫൻസ് പറഞ്ഞു.
അതേസമയം സിറിയയിലെ വിമതരിൽ ഒരു വിഭാഗം വെടിനിർത്തൽ പ്രഖ്യാപിച്ചു. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് യു.എൻ മധ്യസ്ഥതയിലൂടെ റഷ്യൻ സൈന്യവും സിറിയൻ ഭരണകൂടവും വിമത ഗ്രൂപ്പും വെടി നിർത്തൽ പ്രഖ്യാപിച്ചത്. വിമതർ ആയുധം താഴെ വെച്ചതോടെ മേഖലയിൽ നിന്നും ആളുകളെ പൂർണ്ണമായും പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമവും തുടങ്ങി. വിമതരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഹറസ്ത നഗരത്തിൽ നിന്നും 15 ബസുകളിലായി ആളുകളെ വടക്കു പടിഞ്ഞാറൻ ഗ്രാമങ്ങളിലേക്കു മാറ്റി.
ഇന്ന് പ്രാബല്യത്തിലാകുന്ന കരാർ പ്രകാരം ആയുധധാരികളടക്കം ഏഴായിരത്തോളം വിമതർ പ്രദേശത്ത് നിന്നും യാത്ര തിരിക്കും. അതേ സമയം കിഴക്കൻ ഗുട്ടായിൽ തുടരുന്നവർക്ക് ഭരണകൂടം സുരക്ഷയൊരുക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

