വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു


ലണ്ടൻ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു. ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞതായി വളരെ ദുഖാർത്തമായി അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പാരമ്പര്യവും വർഷങ്ങളോളം നിലനിൽക്കുമെന്നും മക്കൾ വ്യക്തമാക്കി.

യു.കെയിലെ ഓക്സ്ഫഡിൽ 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിങ് ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി.

രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരം തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളായിരുന്നു പ്രചോദനം. വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിട്ടുണ്ട്.

1979 മുതൽ 30 വർഷം കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.

അടുത്ത കാലത്തു ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനർഹമായി മാറി അദ്ദേഹം (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവർ കണ്ടെത്തിയത്).

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ലൂസി, തിമോത്തി, റോബർട്ട് എന്നിവരാണ് മകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed