മുൻ റഷ്യൻ ചാരനും പുത്രിക്കും നേരെയുണ്ടായ വധശ്രമത്തിൽ റഷ്യയ്ക്കു പങ്കുണ്ടെന്ന് തെരസ മേ
ലണ്ടൻ : റഷ്യയിലെ മുൻ സൈനിക ഇന്‍റലിജൻസ് കേണലായ സ്ക്രിപാലിനെയും (66) മകളായ യൂലിയയെയും (33) വിഷബാധയേൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇവരെ വിഷബാധയേൽപ്പിച്ചത്. കൊലപാതകശ്രമത്തിന് പിന്നിൽ റഷ്യയാകാനുള്ള സാധ്യത ഏറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത വിഷബാധയേൽപ്പിക്കുന്ന രാസവസ്തുക്കളായ നോവിചോക്കാണ് സ്ക്രീപലിനും പുത്രിക്കും നേരേ പ്രയോഗിച്ചത്. റഷ്യൻ ഭരണകൂടം നേരിട്ടു നടത്തിയതാണോ മാരകമായ രാസായുധം മറ്റു കൈകളാൽ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണം. റഷ്യൻ സ്ഥാനപതിയോട് ഇതു സംബന്ധിച്ച വിശദീകരണം നൽകണമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരേസ മേ വ്യക്തമാക്കി.
മാർച്ച് നാലിനാണ് സ്ക്രിപാലിനെയും പുത്രിയെയും വിഷബാധയേറ്റു അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തിയത്. ഇരുവരും അവശ നിലയിൽ ബ്രിട്ടനിലെ ആശുപത്രിയിൽ കഴിയുകയാണ്. സ്ക്രീപാലിനെയും മകളെയും അപായപ്പെടുത്തുവാൻ ഉപയോഗിച്ച രാസവസ്തു റഷ്യയിൽ നിന്നു എത്തിച്ചതാണെന്നും വിദഗ്ധർ സ്ഥിരീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങളെ കുടുക്കാനായി ബ്രിട്ടൻ ആസൂത്രണം ചെയ്ത കൊലപാതക പദ്ധതിയാണിതെന്നാണ് റഷ്യ ആരോപിക്കുന്നത്.
റഷ്യയിലെ മുൻ സൈനിക ഇന്‍റലിജൻസ് കേണലായ സ്ക്രിപാൽ ബ്രിട്ടനു വേണ്ടിയും പ്രവർത്തിച്ച ഇരട്ടച്ചാരനായിരുന്നുവെന്നു പറയപ്പെടുന്നു. 2006ൽ രാജ്യദ്രോഹക്കുറ്റത്തിന് ഇയാളെ റഷ്യ ജയിലിൽ അടച്ചു. എന്നാൽ 2010ൽ ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള മറ്റു റഷ്യൻ ചാരന്മാരെ വിട്ടുകിട്ടുന്നതിനായി സ്ക്രിപാലിനു മാപ്പുകൊടുത്തു മോചിപ്പിക്കുകയായിരുന്നു.

