ദോക്് ലാമിൽ ചൈന വൻ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി : ഇന്ത്യ-ചൈന−-ഭൂട്ടാൻ അതിർത്തി വീണ്ടും സംഘർഷാവസ്ഥയിലേയ്ക്കു നീങ്ങുന്നു. കഴിഞ്ഞ വർഷം 72 ദിവസത്തോളം സംഘർഷം നിലനിന്ന ഡോക്് ലാമിനു സമീപം ചൈന സൈനിക സന്നാഹം വർദ്ധിപ്പിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. വടക്കൻ ഡോക് ലാം പൂർണമായും കൈയേറി ചൈന സായുധ വാഹനങ്ങൾ വിന്യസിച്ചതായും ഉയരം കൂടിയ നിരീക്ഷണ ടവറുകൾ സ്ഥാപിച്ചതായുമാണ് റിപ്പോർട്ട്.
ഇന്ത്യൻ സേനാ പോസ്റ്റിൽ നിന്ന് 80 മീറ്റർ അകലെ, ഏഴ് ഹെലിപ്പാഡുകൾ, ആയുധപ്പുര എന്നിവയുണ്ട്. കൂടാതെ കോൺക്രീറ്റ് കെട്ടിടങ്ങളും പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡും ചൈന നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല, ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
10 കിലോമീറ്റർ നീളത്തിൽ ചൈന നിർമ്മിച്ച റോഡിന് സമീപത്താണ് നിർമ്മാണ പ്രവർത്തികൾ നടന്നിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസം പകർത്തിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ വർഷത്തെ സംഘർഷ നാളുകളിൽ ചൈന നിർമ്മിച്ച താൽക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. പ്രദേശത്ത് ചൈനയുടെ താൽക്കാലിക സംവിധാനങ്ങൾ ഇപ്പോഴുമുണ്ടെന്നും ശൈത്യകാലമായതിനാൽ ചൈനീസ് സൈനികർ ഇപ്പോൾ അവിടെയില്ലെന്നും കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

