ഇസ്രയേലിനോട് യു.എന്നിന് വൈരം കലർന്ന സമീപനമാണെന്ന് നിക്കി ഹേലി
ന്യൂയോർക്ക് : അമേരിക്കൻ സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തോട് യു.എൻ പുലർത്തുന്ന സമീപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. ഇസ്രയേലിനോട് യു.എന്നിന് വൈരം കലർന്ന സമീപനമാണെന്നും അടിയന്തര രക്ഷാസമിതി യോഗത്തിൽ നിക്കി ഹേലി കുറ്റപ്പെടുത്തി.
അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നതെന്ന് രക്ഷാസമിതി വിലയിരുത്തി. ട്രംപിന്‍റെ തീരുമാനം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം തകർന്നുവെന്ന് പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ മേഖലയിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തിയായിരുന്നു രക്ഷാസമിതി യോഗത്തിൽ ചർച്ച നടന്നത്. പശ്ചിമേഷ്യൻ സമാധാനത്തിനായി യു.എൻ ശ്രമിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

