പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം : പൗരൻമാർക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ : ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കാനാണ് പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയുമായി വിദേശ, ആഭ്യന്തര ഭീകര സംഘടനകൾ പാകിസ്ഥാനിൽ തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. പാകിസ്ഥാനിൽ ഭീകരർ നടത്തുന്ന വംശീയാതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്.
ഏഴ് മാസത്തിനു മുന്‍പും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്‌മെന്റ് പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധികൾക്കും ഓഫീസുകൾക്കും നേരെ മുന്‍പ് പാകിസ്ഥാനിൽ ഭീകരാക്രമണം നടന്നിരുന്നു. ഇത് വരുംനാളുകളിൽ തുടരുമെന്നാണ് സൂചന. മോചനദ്രവ്യത്തിനായി പൗരന്മാരെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാനും ഭീകരരും ക്രിമിനൽ പശ്ചാത്തലമുള്ള മറ്റ് സംഘടനകളും മടിക്കില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ, പ്രത്യേകിച്ച് വർഗീയ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഇതര സംഘടന പ്രവർത്തകർ, ഗോത്ര നേതാക്കൾ, നിയമപാലകർ തുടങ്ങിയവരാണ് പ്രധാന ഇരകൾ.

