അർജന്റീനയുടെ നാവിക-വ്യോമസേനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ


ശാരിക

തെഹ്‌റാൻ: അർജന്റീനയുടെ നാവികസേനയെയും വ്യോമസേനയെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) അർജന്റീന നേരത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി.

ഇറാന്റെ സൈനിക വിഭാഗങ്ങളെ ഭീകരപ്പട്ടികയിൽപ്പെടുത്തുന്ന രാജ്യങ്ങൾക്കെതിരെ സമാനമായി തിരിച്ചടിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2019 ലെ നിയമപ്രകാരമാണ് ഈ ഉത്തരവ്. അർജന്റീനയുടെ നാവിക, വ്യോമ സേനകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് തെഹ്‌റാൻ വ്യക്തമാക്കി.

ലെബനനിലെ ഹിസ്ബുല്ലയ്ക്ക് പിന്തുണ നൽകുന്നുവെന്നും 1994-ൽ ബ്യൂണസ് ഐറിസിലെ 'അമിയ' ജൂത കമ്മ്യൂണിറ്റി സെന്ററിലുണ്ടായ ബോംബാക്രമണത്തിന് പിന്നിൽ ഐ.ആർ.ജി.സി ആണെന്നും ആരോപിച്ചാണ് അർജന്റീന അവരെ ഭീകരപ്പട്ടികയിൽപെടുത്തിയത്. ഈ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.6-നെയും ബ്രിട്ടീഷ് നാവിക-വ്യോമസേനകളെയും സമാനമായ രീതിയിൽ അടുത്തിടെ ഇറാൻ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടൻ തങ്ങളുടെ റെവല്യൂഷണറി ഗാർഡിനെതിരെ എടുത്ത നടപടിക്കുള്ള മറുപടിയായായിരുന്നു അത്. തങ്ങളുടെ സൈനിക വിഭാഗങ്ങൾക്കെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും നീക്കങ്ങളെ അതേ നാണയത്തിൽ നേരിടാനാണ് ഇറാന്റെ തീരുമാനം.

article-image

ffmfhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed