കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു
കാലിഫോർണിയ : കാലിഫോർണിയയിൽ ശക്തമായ കാട്ടുതീ പടരുന്നു. ഏകദേശം മുപ്പതിനായിരം ഏക്കറിലധികം സ്ഥലത്ത് ഇതിനകം തീ പടർന്നതായാണ് കണക്ക്. സംഭവത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നത് കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായിട്ടുണ്ട്. കാലിഫോർണിയയിലെ ആറ് പ്രധാന സ്ഥലങ്ങൾ അഗ്നിക്കിരയായിരുന്നു. ഇതിനു പുറമെ സാന്റാ ബാർബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോർട്ടുണ്ട്.
തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി 4000 അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ലോസ് ആഞ്ചലസിന്റെ തെക്കൻ നഗരമായ മുറിറ്റയിലേക്ക് തീ പടരുന്നതായി റിപ്പോർട്ടുണ്ട്. 2200 ഏക്കർ സ്ഥലവും നൂറുകണക്കിന് വീടുകളും അഗ്നിബാധ ഭീഷണിയിലാണ്. ലോസ് ആഞ്ചലസിൽ നിന്നും വെഞ്ച്യൂറ കൗണ്ടിയിൽ നിന്നുമായി 2.3 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചതായി ലോസ് ആഞ്ചലസ് മേയർ എറിക് ഗാഴ്സെറ്റി അറിയിച്ചു.
തീ പിടിത്തത്തെ തുടർന്ന് ഈ മേഖലയിലെ ദേശീയപാതകൾ അടച്ചിടുകയും കാലിഫോർണിയ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തു.

