ഫിലിപ്പീൻസിൽ വ്യാപക ലഹരി വിരുദ്ധ റെയ്ഡ് : 32 പേർ കൊല്ലപ്പെട്ടു
മനില : ഫിലിപ്പീൻസിൽ വീണ്ടും കൂട്ടക്കൊലപാതകം. തലസ്ഥാനമായ മനിലയുടെ വടക്കൻ നഗരങ്ങളിൽ പോലീസ് നടത്തിയ ലഹരി വിരുദ്ധ പരിശോധകൾക്കിടെ 32 പേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കച്ചവടക്കാരടക്കം 109 പേർ അറസ്റ്റിലായി. ഇവരിൽ നിന്നു നിരവധി തോക്കുകൾ പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ച വൈകീട്ട് വരെ നീണ്ടതായി ബുലാകാൻ പോലീസ് മേധാവി റോമിയോ കാരാമറ്റ് പറഞ്ഞു. കൊല്ലപ്പെട്ടവർ ഏറ്റുമുട്ടലിലാണ് മരിച്ചതെന്നും ഇവരെ പിടികൂടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റൊഡ്രിഗോ ഡുട്ടെർട്ടെ പ്രസിഡണ്ടായതിനു ശേഷം മയക്കുമരുന്നുകടത്തുകാർക്ക് എതിരെയുള്ള നടപടികൾ ഉൗർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹം സ്ഥാനമേറ്റശേഷം ഇതുവരെ 6000ൽ അധികംപേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനു ക്രിമിനലുകളെ വകവരുത്തുമെന്ന് ഇലക്ഷൻ പ്രചാരണവേളയിൽ അദ്ദേഹം പറഞ്ഞിരുന്നു.

