ആണവായുധ വാഹകശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു


പ്യോങ്യാങ് : സംഘർഷസാധ്യതകൾ വർധിപ്പിച്ച് യുഎസിനെ സമ്പൂർണമായി പരിധിയിലാക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു. ആണവായുധ വാഹകശേഷിയുള്ള മിസൈലാണ് ജഗാംഗ് പ്രവിശ്യയില്‍നിന്ന് അര്‍ധരാത്രി ഉത്തര കൊറിയ പരീക്ഷിച്ചത്. ഈ മാസം ഉത്തര കൊറിയ നടത്തുന്ന മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു.

ആരെയും എപ്പോൾ വേണമെങ്കിലും നേരിടാനുള്ള ഉത്തരകൊറിയയുടെ ശക്തി തെളിയിക്കുന്നതാണ് മിസൈൽ പരീക്ഷണമെന്ന് ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ടു ചെയ്തു. മിസൈൽ നിർമാതാക്കളെ കിം ജോങ് ഉൻ അനുമോദിച്ചു. ലോകരാജ്യങ്ങളുടെ തുടർച്ചയായുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടരെയുള്ള മിസൈൽ പരീക്ഷണം ഭീഷണിയാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ഉത്തര കൊറിയയ്ക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ദക്ഷിണ കൊറിൻ പ്രസിഡന്റ് മൂൺ ജി ഇൻ യുഎന്നിനോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed