സിറ്റി സെന്റർ പ്രാദേശിക ടാക്സി ഡ്രൈവർമാരെ പുറത്താക്കാൻ ശ്രമിക്കുന്നതായി ആരോപണം.
മനാമ : പ്രാദേശിക ടാക്സി ഡ്രൈവർമാരും സിറ്റി സെന്റർ ബഹ്‌റൈനും തമ്മിലുള്ള തർക്കങ്ങൾ പരിഹാരമാകാതെ തുടരുന്നു. സീഫിലുള്ള സിറ്റി സെന്റർ ബഹ്‌റൈൻ മാളിൽനിന്നും 250 ടാക്സി ഡ്രൈവർമാർ സർവീസ് നടത്തുന്നുണ്ട്. എന്നാൽ സ്വകാര്യ ടാക്സി കമ്പനിക്കുവേണ്ടി മാൾ മാനേജ്മെൻറ് കോംപ്ലക്സിൽ പ്രവേശിക്കുന്നതിൽ നിന്നും ഈ ടാക്സി ഡ്രൈവർമാരെ തടയുന്നു എന്ന ആരോപണമാണ് ഉയരുന്നത്. മാളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കാരണം ദൂരത്തിലുള്ള ടാക്സി വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുന്നില്ലെന്നും ഇത് ബിസിനസിനെ ബാധിക്കുന്നുവെന്നും ടാക്സി ഡ്രൈവർമാർ പരാതിപ്പെടുന്നു. ഈ സാഹചര്യം സമീപകാലത്ത് ഇവിടെ ആരംഭിച്ചിരിക്കുന്ന സ്വകാര്യ ടാക്സി കമ്പനിക്ക് അനുകൂലമാണ്. ഇതിനിതെരെ അധികാരികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡ്രൈവര്‍മാര്‍.
അടുത്തിടെയായി ഒരു പുതിയ സ്വകാര്യ ടാക്സി കമ്പനി മാളിന്റെ പ്രവേശന കവാടത്തിൽ അവരുടെ കാറുകൾ പാർക്ക് ചെയ്യുന്നുണ്ട്. ടാക്സി ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ, ഉപഭോക്താക്കൾ ഇതര ടാക്സി സർവീസുകൾ സ്വീകരിക്കാൻ താല്പര്യപ്പെടുന്നതായും സിറ്റി സെന്റർ ബഹ്റൈൻ സീനിയർ മാൾ മാനേജർ ദുഐജ് അൽ റുമൈഹി പറഞ്ഞു. ചില ഡ്രൈവർമാർ മീറ്റർ പ്രവർത്തിപ്പിക്കാൻ വിസമ്മതിക്കുകയും അമിത തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ചില ഡ്രൈവർമാർ യാത്രക്കാരെ നിർബന്ധിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

