കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനി : നിഷേധിച്ച് നടി
കൊച്ചി : ചലച്ചിത്ര നടി കാവ്യാ മാധവന്റെ കാർ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. രണ്ടു മാസം കാവ്യയുടെ കാർ ഡ്രൈവറായിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴിയിലാണ് സുനി വെളിപ്പെടുത്തിയത്. അതേസമയം, പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പൊലീസ് ചോദ്യംചെയ്യലിൽ കാവ്യാ മാധവൻ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നടപ്പിലാക്കിയ പ്രതികൾ, സംഭവത്തിനു ശേഷം കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകം ചോദ്യാവലി തയാറാക്കിയാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചന പൊലീസ് നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെപ്പറ്റിയുള്ള (പള്‍സര്‍ സുനി) ചോദ്യങ്ങൾക്കു കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളിൽനിന്നും കാവ്യ ഒഴിഞ്ഞുമാറി.
കേസിൽ ഗൂഢാലോചനക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപും, പൾസർ സുനിയെ അറിയില്ലന്ന നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. എന്നാൽ, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിയും ദിലീപും അഞ്ചോളം തവണ നേരിൽ കണ്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.

