കോടതികളെ വരുതിയിലാക്കാനൊരുങ്ങി പോളണ്ട്
ബ്രസൽസ് : സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനമടക്കം ജുഡീഷറിയിൽ പിടിമുറുക്കാനൊരുങ്ങി പോളണ്ട് സർക്കാർ. വലതുപക്ഷ ലോ ആൻഡ് ജസ്റ്റീസ് പാർട്ടി (പിഐഎസ്) ആണു പോളണ്ടിലെ ഭരണകക്ഷി. സുപ്രീംകോടതിയിലെ നിയമനങ്ങളും സ്ഥിരപ്പെടുത്തലും മന്ത്രിസഭയുടെ അധികാരത്തിലാക്കുന്ന ബിൽ സെനറ്റ് പാസാക്കിയിരുന്നു. ഇനി 21 ദിവസത്തിനകം പ്രസിഡണ്ട് ആൻഡ്രേ ഡുഡ ഒപ്പുവയ്ക്കണം. പ്രധാനമന്ത്രി ബെയാറ്റ ഷിഡ്വോയുടെ നിയമനിർമാണത്തോടു പ്രസിഡണ്ട് ഡുഡയ്ക്കും വലിയ യോജിപ്പില്ലെന്നാണു സൂചന. ബില്ലിനെപ്പറ്റി പ്രസിഡണ്ടിന് സന്ദേഹങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്‍റെ വക്താവ് പറഞ്ഞു. ജുഡീഷറി സംബന്ധിച്ചു മൂന്നു ബില്ലുകളാണു പോളണ്ട് ഈയിടെ പാസാക്കിയത്. ഇവ നിയമമായാൽ സ്വതന്ത്ര ജുഡീഷറി എന്ന ആശയം ഇല്ലാതാകുമെന്നു പ്രതിപക്ഷം പറയുന്നു. ഇതിന്റെ പേരിൽ രാജ്യത്തു ദിവസേന പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
അതേസമയം ജുഡീഷറിയെ വരുതിയിലാക്കാൻ ശ്രമിച്ചാൽ പോളണ്ടിന്‍റെ വോട്ടവകാശം സസ്പെൻഡ് ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെങ്കിൽ പോളണ്ടിനു പിഴ ചുമത്തുമെന്ന് യൂറോപ്യൻ കമ്മീഷന്‍റെ ഒന്നാം വൈസ് പ്രസിഡണ്ട് ഫ്രാൻസ് ടിമ്മർമാൻസ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ ഉടന്പടിയിലെ ഏഴാം വകുപ്പ് പ്രകാരം യൂറോപ്യൻ യൂണിയനിലെ പോളണ്ടിന്‍റെ വോട്ടവകാശം സസ്പെൻഡ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയും ഈ വകുപ്പ് പ്രയോഗിക്കേണ്ടിവന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ നിയമനിർമാണം പിൻവലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പോളണ്ടിനോട് ആവശ്യപ്പെട്ടു.
അതിനിടെ വിഷയത്തിൽ പോളണ്ടിനെ പിന്തുണച്ച് അയൽ രാജ്യമായ ഹംഗറി രംഗത്തെത്തി. പോളണ്ടിനെതിരായ നീക്കം ചെറുക്കാൻ ഹംഗറി എല്ലാ വഴികളും തേടുമെന്നും പ്രധാനമന്ത്രി വിക്ടർ ഒർബാൻ പറഞ്ഞു. പോളണ്ടിലെ സ്വകാര്യ ചാനൽ നടത്തിയ സർവേയിൽ 55 ശതമാനം പേർ ബിൽ തള്ളിക്കളയണമെന്ന അഭിപ്രായക്കാരാണ്. 29 ശതമാനമേ ബില്ലിനെ പിന്താങ്ങിയുള്ളൂ.

