തെങ്ങ് വീണ് മുൻ ദൂരദർശൻ അവതാരക മരിച്ചു
ചെന്പൂർ : പ്രഭാത സവാരി നടത്തുന്നതിനിടെ തലയിൽ തെങ്ങ് വീണ് ഗുരുതര പരിക്കിൽ കഴിയുകയായിരുന്ന മുൻ ദൂരദർശൻ അവതാരക കാഞ്ചൻ നാഥ് (58) മരിച്ചു. മുംബൈയിലെ ചെന്പൂരിൽ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. നിലവിൽ യോഗ അദ്ധ്യാപിക കൂടിയായ ഇവർ പ്രഭാത സവാരി നടത്തുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയായിരുന്ന തെങ്ങ് പൊടുന്നനെ ദേഹത്ത് വീഴുകയായിരുന്നു.
പ്രദേശവാസികൾ തെങ്ങിനടിയിൽ അകപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയിൽ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബിർഹാൻ മുബൈ മുൻസിപ്പിൽ കോർപ്പറേഷന്റെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് ഇടവരുത്തിയതെന്ന് കാഞ്ചൻ നാഥിന്റെ ഭർത്താവ് രജത് നാഥ് ആരോപിക്കുന്നു. തെങ്ങ് മുറിച്ച് നീക്കാൻ കോർപ്പറേഷന്റെ അനുമതി തേടിയിരുന്നെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു.

