ഹാരി പോട്ടർ ലോകത്തേക്ക് തിരിച്ചുവരവ്: 2027-ൽ രണ്ട് പുതിയ പുസ്തകങ്ങളുമായി ജെ.കെ. റൗളിങ്
ഷീബ വിജയൻ
ഹാരി പോട്ടർ പ്രപഞ്ചം വീണ്ടും വികസിക്കുന്നു. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ജെ.കെ. റൗളിങിന്റെ പ്രശസ്തമായ വിസാർഡിങ് വേൾഡിന്റെ ഭാഗമായി 2027ൽ രണ്ട് പുതിയ പുസ്തകങ്ങൾ കൂടി പുറത്തിറങ്ങുന്നു. പ്രധാന കഥ അവസാനിച്ചിട്ട് രണ്ട് പതിറ്റാണ്ടോളമായെങ്കിലും ഹാരി പോട്ടറിനോടുള്ള ജനപ്രിയതയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ല. പുതിയ എച്ച്ബിഒ മാക്സ് ടിവി സീരീസിനായുള്ള കാത്തിരിപ്പിനിടയിലാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. 2027 ഫെബ്രുവരി 23ന് 'പോക്കറ്റ് പോട്ടേഴ്സ് - ലിറ്റിൽ ഗൈഡ്സ് ടു ദ ഹാരി പോട്ടർ സ്റ്റോറീസ്' എന്ന പരമ്പരയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളും വായനക്കാരിലേക്ക് എത്തും.
ഹോഗ്വാർട്ട്സിലെ ശ്രദ്ധേയരായ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളോട് കൂടിയ ഹാർഡ് കവർ പുസ്തകങ്ങളാണിത്. പ്രൊഫസർ മക്ഗോണഗലിനെക്കുറിച്ചുള്ള 'പോക്കറ്റ് പോട്ടേഴ്സ്: പ്രൊഫസർ മക്ഗോണഗൽ' ആണ് ഇതിലൊന്ന്. നതാലി സ്മിത്തിന്റെ ചിത്രീകരണങ്ങളോടെ എത്തുന്ന ഈ പുസ്തകത്തിൽ ട്രിവിയകളും ഉദ്ധരണികളും അടങ്ങിയിരിക്കുന്നു. ഫ്രെഡ്, ജോർജ് വീസ്ലി ഇരട്ടകളെക്കുറിച്ചുള്ള 'പോക്കറ്റ് പോട്ടേഴ്സ്: ഫ്രെഡ് ആൻഡ് ജോർജ് വീസ്ലി' ആണ് രണ്ടാമത്തെ പുസ്തകം. ഹെലൻ ബ്രാഡിയുടെ ചിത്രീകരണങ്ങളോടെ എത്തുന്ന ഇതിൽ അവരുടെ കുസൃതികളും ഹോഗ്വാർട്ട്സിലെ രഹസ്യവഴികളും വിവരിക്കുന്നു. 32 പേജുകൾ വീതമുള്ള ഈ രണ്ടു പുസ്തകങ്ങളും ജെ.കെ. റൗളിങ് തന്നെയാണ് എഴുതിയിരിക്കുന്നത്. നിലവിൽ ഇവ പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാണ്. ബ്രിട്ടണിൽ ഫെബ്രുവരിയിലും അമേരിക്കയിൽ മാർച്ച് രണ്ടോടെയും പുസ്തകങ്ങൾ ലഭ്യമാകും.
azaxzasasd

