ഡിജിറ്റൽ പഠനം വിലയിരുത്താൻ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകളിൽ സന്ദർശനം നടത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സ്‌കൂളുകളിൽ താൽക്കാലികമായി ഏർപ്പെടുത്തിയ ഓൺലൈൻ പഠനരീതിയുടെ (Distance Learning) പുരോഗതി വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ വിവിധ സ്‌കൂളുകളിൽ സന്ദർശനം നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് പഠനം മാറ്റിയത്.
വിർച്വൽ ക്ലാസ് റൂം സംവിധാനത്തിലൂടെ ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ടോ എന്നും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാണോ എന്നും മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. സ്‌കൂളുകളിലെ ടൈംടേബിൾ ക്രമീകരണങ്ങളെക്കുറിച്ചും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും സ്കൂൾ അധികൃതർ മന്ത്രിക്ക് വിശദീകരിച്ചു നൽകി.
അൽ-അറൂബ പ്രൈമറി ഗേൾസ് സ്‌കൂളിലെ വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള ക്ലാസ് സംപ്രേക്ഷണ കേന്ദ്രവും മന്ത്രി സന്ദർശിച്ചു. പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കുന്ന അധ്യാപകർ, ഭരണവിഭാഗം ജീവനക്കാർ, മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ എന്നിവരുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Aas


