നെതർലാൻഡിൽ എച്ച്ഐവിയുടെ പുതിയ വകഭേദം വിബി; അതിവേഗം പടരുമെന്ന് ഗവേഷകർ

എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന എച്ച്ഐവി വെെറസിന്‍റെ പുതിയ വകഭേദം നെതർലാൻഡിൽ കണ്ടെത്തി. പുതിയ വകഭേദത്തിന് വിബി എന്നാണ് ഗവേഷകർ നൽകിയ പേര്. വൈറസ് ഒരാളുടെ ശരീരത്തിൽ നിന്നും മറ്റൊരാളുടെ ശരീരത്തിലേക്ക് മാറും. വളരെ പെട്ടെന്ന് എയിഡ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമെന്നും ഫെബ്രുവരി രണ്ടിന് സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു. ഇത് സംബന്ധിച്ച് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ബിഗ് ഡാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലുളള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
എച്ച്ഐവി വൈറസ് മനുഷ്യശരീരത്തിലെ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് ബാധിക്കുക. പുതിയ വകഭേദത്തിന് സിഡി4 കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വളരെവേഗത്തിൽ വൈറസ് ബാധിക്കും. വകഭേദം ബാധിക്കുന്നവരുടെ രക്തത്തിൽ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാൾ 3.5 മുതൽ 5.5 വരെ ഇരട്ടിയായിരിക്കുമെന്നും പഠനം വിശദമാക്കുന്നു അതേസമയം, ആളുകൾ ഭീതിയിലാകേണ്ട കാര്യമില്ലെന്ന് ഗവേഷകർ പറയുന്നു. പുതിയ വകഭേദം ബാധിച്ചവർക്ക് പെട്ടെന്ന് തന്നെ ചികിത്സ നൽകിയാൽ പ്രതിരോധ ശക്തി വീണ്ടെടുക്കാൻ സാധിക്കും. ഇത് മറ്റു വകഭേദത്തിന് സമാനമാണെന്നും പഠനത്തിൽ പറയുന്നു. എളുപ്പത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്ത് ഇതിനോടകം 38 ദശലക്ഷം ആളുകളെ എച്ച്ഐവി ബാധിച്ചിട്ടുണ്ട്. 33 ദശലക്ഷം ആളുകൾ പുതിയ എച്ച്ഐവി ബാധിച്ച് മരിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. നിരന്തരം വകഭേദങ്ങൾ മാറുന്ന വൈറസാണ് എച്ച്ഐവി. ഇതുവരെ കണ്ടെത്തിയ രോഗികളിൽ വിവിധ എച്ച്ഐവി വകഭേദങ്ങളാണ് കണ്ടെത്തിയിട്ടുളളതെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അസാധാരണ സ്വഭാവം പുലർത്തുന്ന വൈറസുകളെ സൂക്ഷിക്കണമെന്നും പഠനം ഓർമ്മപ്പെടുത്തുന്നു. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും നെതർലാൻഡിൽ പുതിയ വകഭേദമായ വിബി വൈറസിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. മറ്റു വകഭേദങ്ങളേക്കാൾ 2000ൽ ഇതിന്റെ വ്യാപനം കൂടിയിരുന്നു. പിന്നീട് 2010 ആയപ്പോഴേക്കും വ്യാപനം കുറഞ്ഞുവെന്നും ഗവേഷകർ പറഞ്ഞു. ഫലപ്രദമായ ചികിത്സ നൽകിയാൽ വ്യാപനം തടയാനാകുമെന്നും പഠനത്തിൽ പറയുന്നു.