ഇന്ന് ലോക ക്യാൻസർ ദിനം

ഇന്ന് ലോക ക്യാൻസർ ദിനം. പ്രതിവർഷം 60,000ത്തോളം ക്യാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും സർക്കാർ ഒരുപോലെ പ്രാധാന്യം നൽകി വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ക്യാൻസർ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തി വരുന്നു. വർധിച്ചു വരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് ക്യാൻസർ സ്ട്രാറ്റജി ആക്ഷന് പ്ലാന് രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.
എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി ആചരിച്ചു വരുന്നു. ഈ വർഷത്തെ ലോക ക്യാൻസർ ദിന സന്ദേശം ക്യാൻസർ പരിചരണ അപര്യാപ്തകൾ നികത്താം (Closing the care gap) എന്നതാണ്. ക്യാൻസർ ചികിത്സാ രംഗത്ത് നിലനിൽക്കുന്ന അപര്യാപ്തകൾ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
സാന്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ ക്യാൻസർ ചികിത്സാ രംഗത്തെ അസമത്വങ്ങൾ നിലനിൽക്കുന്നു. ഈ അസമത്വങ്ങൾ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങൾക്കും ഒരേ തരത്തിലുള്ള ക്യാൻസർ ചികിത്സ ഉറപ്പാക്കുന്നതിനും മുൻതൂക്കം നൽകുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വർഷങ്ങളിൽ കൂടി നിലനിൽക്കുന്നതാണ്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളിൽ നിന്ന് ക്യാൻസർ രോഗചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളിൽ ക്യാൻസർ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ക്യാൻസർ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് ക്യാൻസർ പോലെയുള്ള ദീർഘസ്ഥായി രോഗങ്ങൾ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരിൽ രോഗവ്യാപനം കുറയ്ക്കാന് ആരോഗ്യ വകുപ്പ് പല ഇടപെടലുകളും നടത്തി. ദീർഘദൂരം യാത്ര ചെയ്ത് ആർസിസിയിലും മെഡിക്കൽ കോളേജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ ക്യാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.