കൊറോണ സമയത്ത് എസി കാറുകളിലെ യാത്രയെക്കാൾ സുരക്ഷിതം ഓട്ടോറിക്ഷ യാത്ര
ന്യൂഡൽഹി: എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ കൊറോണ പിടിപെടാനുള്ള സാദ്ധ്യത 306 മടങ്ങാണെന്ന് പഠനം. മെറിലാൻഡിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലുള്ള ഗവേഷക വിദ്യാർത്ഥി ദർപണ്‍ ദാസ്, പ്രൊഫസർ ഡോ. ഗുരുമൂർത്തി രാമചന്ദ്രൻ എന്നീ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എസി ഓണായിരിക്കുന്ന അടച്ചു മൂടിയ വാഹനങ്ങളെക്കാൾ വിൻഡോകൾ മടക്കിവച്ച നോണ്‍ എസി ടാക്സിയിൽ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്ന് പഠനം പറയുന്നു. കാറുകളിൽ വേഗം കൂടുന്നതനുസരിച്ച് വായുസഞ്ചാരം വർദ്ധിച്ച് വൈറസ് പകരാനുള്ള സാദ്ധ്യത 75 ശതമാനത്തോളം കുറയുമെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഓട്ടോറിക്ഷ, കാർ (നോൺ എസി), ബസ്, കാർ (എസി) തുടങ്ങിയ വാഹനങ്ങളിലെ യാത്രയാണ് പഠനവിധേയമാക്കിയത്. ബസ് ഒഴികെ മറ്റു വാഹനത്തിൽ 5 യാത്രക്കാരും ഇതിലൊരാൾ കൊറോണ പോസിറ്റീവും എന്നു സങ്കൽപിച്ചായിരുന്നു പഠനം. കൊറോണ ബാധിച്ചയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരാനുള്ള സാദ്ധ്യതയാണ് ഗവേഷകർ കണ്ടെത്തിയത്. ഓട്ടോയേക്കാൾ 86 മടങ്ങ് അധികമാണ് നോൺ എസി കാറിൽ കോവിഡ് സാധ്യത, ബസിലേത് ഓട്ടോയുടെ 72 മടങ്ങും. എല്ലാ വാഹനങ്ങളിലേയും യാത്രാസാഹചര്യം പരിഗണിച്ചാണ് ഓട്ടോയാണ് ഏറ്റവും സുരക്ഷിതം എന്ന നിഗമനത്തിൽ എത്തിയത്.
