മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ?‌


ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്ക് കോവിഡ് വാക്സിന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മുലയൂട്ടുന്നവർക്ക്‌ വാക്‌സിനേഷൻ സ്വീകരിക്കുന്നതിന്‌ ദോഷങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടത്‌ കൊണ്ടല്ല ഈ നിയന്ത്രണം. മറിച്ച് ഇങ്ങനെയുള്ള അമ്മമാരിൽ പഠനങ്ങൾ കാര്യമായി നടന്നിട്ടില്ലെന്നതിനാലാണ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ സർക്കാർ പറയുന്നത്‌. അതൊരു കരുതൽ നടപടിയാണ്‌. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

 ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

 മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കോവിഡ്‌ വാക്‌സീൻ എടുക്കാമോ?

നിലവിൽ ഗർഭിണികളിലോ മുലയൂട്ടുന്നവരിലോ വാക്‌സീൻ ട്രയലുകൾ കാര്യമായി നടന്നിട്ടില്ല എന്നത്‌ കൊണ്ട്‌ ഇന്ത്യയിൽ ലഭ്യമായ രണ്ട്‌ വാക്‌സിനുകളും ഇവർക്ക്‌ നൽകാനാവില്ല. എനിക്ക്‌ രോഗം വന്നാൽ എന്റെ കുഞ്ഞിന്‌ വയ്യാതാകില്ലേ? എന്ന അമ്മയുടെ ആധി പൂർണമായും മനസ്സിലാക്കുന്നു. പക്ഷേ, രോഗം വരുന്ന സാഹചര്യങ്ങളിൽ നിന്ന്‌ ആവുന്നത്ര ഒഴിഞ്ഞ്‌ മാറി സാധിക്കുന്നത്ര മുൻകരുതലുകൾ എടുക്കുക എന്ന്‌ ഓർമ്മിപ്പിക്കുന്നു.

മുലയൂട്ടുന്നവർക്ക്‌ വാക്‌സിനേഷൻ സ്വീകരിക്കുന്നതിന്‌ ദോഷങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടത്‌ കൊണ്ടല്ല ഈ നിയന്ത്രണമെന്ന്‌ മനസ്സിലായിരിക്കുമല്ലോ. ഇങ്ങനെയുള്ള അമ്മമാരിൽ പഠനങ്ങൾ കാര്യമായി നടന്നിട്ടില്ലെന്നതിനാലാണ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ സർക്കാർ പറയുന്നത്‌. അതൊരു കരുതൽ നടപടിയാണ്‌.

രോഗം വരാനുള്ള സാധ്യത അത്രയേറെ കൂടുതലുള്ളവർക്ക്‌( ഉദാഹരണത്തിന്‌, ആരോഗ്യപ്രവർത്തകയായ അമ്മ) ഒരു ഡോക്ടറുടെ നിർദേശപ്രകാരം വാക്‌സിനേഷൻ പരിഗണിക്കാം. വിദേശത്ത്‌ ലഭ്യമായ ചില വാക്‌സിനുകൾ മുലയൂട്ടുന്നവർക്കും ലഭ്യമാക്കുന്നുണ്ട്‌. നിങ്ങളുടെ ഗൈനക്കോളജിസ്‌റ്റിന്റെ നിർദേശപ്രകാരം വേണ്ടത്‌ ചെയ്യുക.

വാക്‌സിനേഷൻ ലഭിച്ച്‌ മൂന്ന്‌ മാസത്തേക്ക്‌ ഗർഭധാരണം നീട്ടി വെക്കണമെന്ന്‌ പറയുന്നതും ഇത്തരത്തിൽ ഒരു മുൻകരുതലാണ്‌.

ഈ വിധത്തിലുള്ള ശാസ്‌ത്രീയമായ നിർദേശങ്ങൾ ഇതിന്‌ മുൻപും ഇവിടെ വിവിധ വാക്‌സിനേഷനുകൾ നൽകുന്പോൾ കൃത്യമായി നൽകപ്പെടാറുള്ളതാണ്‌. നിയന്ത്രണങ്ങളൊന്നും തന്നെ ഭയപ്പെടുത്താനോ പിൻതിരിപ്പിക്കാനോ അല്ല, കൂടുതൽ സുരക്ഷ ഊട്ടിയുറപ്പിക്കാനാണ്‌ എന്നോർമ്മപ്പെടുതുന്നു.

You might also like

Most Viewed