വരും വർഷങ്ങളിൽ കൂടുതൽ മികച്ച കോവിഡ് വാക്‌സീനുകൾ കൂടി വിപണിയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്
ന്യൂഡൽഹി: വരും വർഷങ്ങളിൽ കൂടുതൽ മികച്ച കോവിഡ് വാക്‌സീനുകൾ കൂടി വിപണിയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റും ഇന്ത്യൻ ശിശുരോഗവിദഗ്ദ്ധയുമായ സൗമ്യ സ്വാമിനാഥൻ. സൂചി ആവശ്യമില്ലാത്തവ, മൂക്കിലൂടെ സ്‌പ്രേ ചെയ്യാവുന്നവ, വായിലൂടെ നൽകാവുന്നവ, ചർമത്തിൽ ഒരു പ്ലാസ്റ്റർ പോലെ ഒട്ടിക്കാവുന്നവ, സാധാരണ താപനിലയിൽ സൂക്ഷിക്കാവുന്നവ എന്നിങ്ങനെ സവിശേഷ ഗുണങ്ങളുള്ള കൂടുതൽ മികച്ച വാക്‌സീനുകൾ ഈ വർഷം അവസാനമോ അടുത്ത വർഷമോ തയാറാകുമെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ആറു മുതൽ എട്ട് വരെ പ്രതിരോധ മരുന്നുകൾ ഈ വർഷം അവസാനത്തോടെ ക്ലിനിക്കൽ പഠനം പൂർത്തിയാക്കി അനുമതികൾക്കായി സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. നിലവിലുള്ള 10 വാക്‌സിനുകൾക്കൊപ്പം ഈ വാക്‌സിനുകളും കൂടി എത്തുന്നതോടെ വൈറസിനെതിരെ ലോകത്തിന് പ്രതിരോധം ആർജ്ജിക്കാനാകും.
പല രാജ്യങ്ങളിലും ആവശ്യത്തിന് കോവിഡ് വാക്‌സീൻ ഡോസുകൾ വിതരണത്തിന് എത്താത്ത സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ മരുന്നുകൾ തയാറാക്കേണ്ടത് അത്യാവശ്യമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ബ്ലൂംബർഗ് ഡേറ്റ അനുസരിച്ച് 122 രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചത്. പുതിയ മെച്ചപ്പെട്ട വാക്‌സിനുകൾ പുറത്തെത്തുന്നതോടെ ഗർഭിണികൾ അടക്കമുള്ള പ്രത്യേക വിഭാഗങ്ങൾക്ക് കോവിഡ് പ്രതിരോധം നൽകാനാകുമെന്നും ഡബ്യുഎച്ച്ഒ പ്രതീക്ഷ പ്രകടിപ്പിച്ചു. 80ലധികം വാക്‌സിനുകൾ നിലവിൽ മനുഷ്യരിൽ പരീക്ഷണം നടത്തുന്നുണ്ട്. കോവിഡ് വാക്‌സിനുകൾ പുറത്തിറക്കിയ കന്പനികളും അവയുടെ കൂടുതൽ മെച്ചപ്പെട്ട പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി പുതിയ വൈറസ് വകഭേദങ്ങൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഒരിക്കൽ കോവിഡ്19 ബാധിച്ചവർക്ക് രണ്ട് ഡോസ് വാക്‌സിൻ ആവശ്യമുണ്ടോ എന്ന വിഷയം ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം പരിശോധിച്ച് വരികയാണ്. ചില ഗവേഷണ പഠനങ്ങളും ഒരിക്കൽ രോഗം വന്നവർക്ക് രണ്ട് ഡോസ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രോഗമുക്തി നേടിയവർക്ക് വാക്‌സീന്‍ ഒരു ഡോസായി പരിമിതപ്പെടുത്തിയാൽ കൂടുതൽ ഡോസുകൾ വിതരണത്തിന് ലഭ്യമാകുമെന്ന് സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

