ബഹ്റൈനിൽ ഫ്ലാറ്റിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും മരിച്ചു


പ്രദീപ് പുറവങ്കര

അൽ റാംലി: ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റിലെ അൽ റാംലിയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 27 കാരിയായ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അൽ റാംലി ബ്ലോക്ക് 714-ലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള 14-ാം നമ്പർ ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിന്റെ സമയം വീട്ടിലല്ലാതിരുന്ന ഭർത്താവ് ഹസ്സൻ അബ്ദുൾആൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും അഞ്ചും മൂന്നും ഒന്നും വയസ്സുള്ള മൂന്ന് മക്കളും മരിച്ച വിവരമറിയുന്നത്. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട അഞ്ചുവയസ്സുള്ള കുട്ടിയെ ജീവന്റെ നേരിയ ലക്ഷണങ്ങളോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മറ്റ് രണ്ടു കുട്ടികളും അമ്മയും മരിച്ചത്. മാനസികമായി തകർന്ന ഹസ്സൻ അബ്ദുൾആലിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിലെ മറ്റ് നിവാസികൾക്കും വീടുകൾ വിടേണ്ടിവന്നു. ഒന്നാം നിലയിലെ ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് താത്കാലിക പാർപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് ജനപ്രതിനിധി ഹസ്സൻ ഇബ്രാഹിം അറിയിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, സിവിൽ ഡിഫൻസ് സംഘത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തീപിടിച്ച ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഹൗസിങ് മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. സൽമാൻ മൊഹസിൻ വ്യക്തമാക്കി. പോലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ, ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ഹൗസിങ് മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

article-image

ddsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed