പുതിയ കാലത്തിൽ വില്ലനായി പിസിഒഡി


അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ‍ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. പത്തു വന്ധ്യത കേസുകൾ‍ എടുത്താൽ‍ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ‍ തെളിയിക്കുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർ‍ദ്ദവുമാണ് പ്രധാന കാരണങ്ങൾ‍. ഓവുലേഷൻ അഥവാ അണ്ഡവിസർ‍ജനം പാതി വഴിയിൽ‍ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തിൽ‍ മുഴകൾ‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ഹോർ‍മോൺ‍ വ്യതിയാനം മൂലം പൂർ‍ണ്ണ വളർ‍ച്ചയെത്താത്ത അണ്ഡങ്ങൾ‍ കുമിളകളായി അണ്ഡാശയത്തിൽ‍ അവശേഷിക്കുന്നു.അണ്ഡവളർ‍ച്ച പൂർ‍ത്തിയാകാതെ നിൽ‍ക്കുന്നതു കൊണ്ടു സ്ത്രീകളിൽ‍ പുരുഷ ഹോർ‍മോണുകളുടെ അളവ് കൂടുന്നു. മേൽ‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളർ‍ച്ച, ക്രമം തെറ്റിയ ആർ‍ത്തവം, അമിത രക്തസ്രാവം, മുഖക്കുരു ഇതെല്ലാം ലക്ഷണങ്ങളാണ്. വന്ധ്യതയാണ് പ്രധാന പ്രശ്നം. പുറമേ രക്തസമ്മർ‍ദം, പ്രമേഹം, എൻഡോമെട്രിയൽ‍ കാൻസർ‍, ഉയർ‍ന്ന കൊളസ്ട്രോൾ‍, തുടങ്ങി ഹൃദയാഘാതവും ഗർ‍ഭാശയ കാൻസറും വരെ പിസിഒഡി നിയന്ത്രിക്കാതിരുന്നാൽ‍ സംഭവിച്ചേക്കാം.അൾ‍ട്രാസൗണ്ട് സ്കാനിങ്, രക്ത പരിശോധന എന്നിവയിലൂടെ രോഗം തിരിച്ചറിയാം. മരുന്നുകൊണ്ട് പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്നങ്ങളും. സങ്കീർ‍ണ്ണമായവരിൽ‍ ശസ്ത്രക്രിയ വേണ്ടിവരും.രോഗം തുടക്കത്തിലെ കണ്ടെത്തുകയെന്നതാണ് പ്രധാനം.

പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ..

ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗത്തിന്റെ സങ്കീർണത അനുസരിച്ച് മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടതായി വന്നേക്കാം. ഹോർമോൺ ഗുളികകളാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്. ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം പിസിഒഡി രോഗികളിൽ ഗർഭാശയ ക്യാൻസർ സാധ്യത കൂടുതലാണ്. ഇതിനുള്ള ചികിത്സ കൂടിയാണ് ഗുളികകൾ.

അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഡി ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.

 

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

 ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

 വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുന്തൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

 വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ഉണ്ടാവുന്നത്?

 വണ്ണമുള്ളവരിലാണ് പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാവാറുണ്ട്. ജനിതക പാരന്പര്യ കാരണങ്ങൾ കൊണ്ടാവാം മെലിഞ്ഞവരിൽ പിസിഒഡി ഉണ്ടാവുന്നത്.

You might also like

Most Viewed