ഓക്സ്ഫഡ് വാക്സിന് ഇന്ത്യയിൽ അനുമതിയില്ല
ന്യൂഡൽഹി: ഓക്‌സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതിയില്ല. വാക്സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തി. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി ചേർന്നു നിർമിക്കുന്ന വാക്സീന്റെ ഇന്ത്യയിലെ ഉൽപാദകരായ പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. 2021 ഏപ്രിലിൽ പൊതുജനങ്ങൾക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കന്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയിൽ 10 കോടി ഡോസ് നിർമിക്കാൻ ധാരണയായതായും അദാർ പുനെവാല നേരത്തെ പറഞ്ഞിരുന്നു. ഒരാൾക്ക് ആവശ്യമായ രണ്ട് ഡോസ് വാക്‌സീന്‍ പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു അദാർ പുനെവാല പറഞ്ഞിരുന്നത്. വാക്‌സിന്‍ വൻതോതിൽ വാങ്ങാൻ സർക്കാർ തലത്തിൽ ധാരണയായതിനെ തുടർന്നാണ് സർക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കിൽ വാക്‌സിന്‍ നൽകാൻ കന്പനി തയാറാകുന്നത്.
ഓക്സ്ഫഡ് വാക്സിന് യുകെ അനുമതി നൽകിയിരുന്നു. വാക്‌സിന് 62% മുതൽ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീൽ എന്നിവിടങ്ങളിലായി നടന്ന ട്രയൽഫലം.

