ഓരോ ഡയലോഗും സീനും ഹൃദ്യസ്ഥം; എന്നിട്ടും സ്ഫടികം എന്തിന് തീയറ്ററിൽ കാണണം ? സസ്‌പെൻസ് തുറന്ന് പറഞ്ഞ് ഭദ്രൻ

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടംമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. അതേ വർഷം ഇറങ്ങിയ മഴയെത്തും മുൻപേ, സാദരം, മാന്ത്രികം, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, ദ കിംഗ് പോലുള്ള ഹിറ്റ് ചിത്രങ്ങൾക്ക് പോലും സ്ഫടികത്തിന്റെ 8 കോടിയെന്ന അക്കത്തിനടുത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം പേരും മിനിസ്‌ക്രീനിൽ മാത്രം കണ്ട സ്ഫടികം, 28 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ എത്തിക്കുകയാണ് ഭദ്രൻ.
സ്ഫടികത്തിലെ ഓരോ ഡയലോഗും ഹൃദ്യസ്ഥമാണ് മലയാളികൾക്കും. ഓരോ സീനും മനഃപാഠം. എന്നിട്ടും ചിത്രം എന്തിന് വീണ്ടും തീയറ്ററുകളിൽ എത്തിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ ഭദ്രൻ ട്വന്റിഫോറിനോട്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടിയാണ് സ്ഫടികം വീണ്ടും വെള്ളിത്തിരയിൽ എത്തിക്കുന്നതെന്ന് ഭദ്രരൻ പറഞ്ഞു.
പ്രേക്ഷകർ തന്നെ കഴിഞ്ഞ പത്ത് വർഷമായി എന്നോട് നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സ്ഫടികം വലിയ സ്‌ക്രീനിൽ എങ്ങനെ കാണാമെന്ന്. സ്ഫടികമാണ് ഏറ്റവും കൂടുതൽ ടെലികാസ്റ്റ് ചെയ്യപ്പെട്ട സിനിമ. പക്ഷേ പുതിയ തലമുറയിലെ പ്രേക്ഷർക്ക് ബിഗ് സ്‌ക്രീനിൽ കാണണമെന്നാണ് ആഗ്രഹം. ആ ആഗ്രഹമാണ് നിറവേറ്റപ്പെടുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് പെരുമ്പാവൂരിൽ ഫസ്റ്റ് ഹാഫ് മാത്രം ഒരു പ്രൊജക്ടർ വച്ച് തുണിവിരിച്ച് കാണിച്ചോട്ടെ എന്ന് കുറച്ച് പേർ അനുവാദം ചോദിച്ചിരുന്നു. അവരുടെ കൈയിൽ സെക്കൻഡ് ഹാഫ് പോലും ഇല്ല. അത്രയാഗ്രഹമാണ് യുവാക്കൾക്ക്. ഇവരുടെ ഈ ആഗ്രഹമാണ് സ്ഫടികം ബിഗ് സ്‌ക്രീനിൽ കാണിക്കാൻ കാരണം. മാത്രമല്ല, ഇന്നത്തെ ചെറുപ്രായത്തിലുള്ള കുട്ടികളാരും സ്ഫടികം ശരിക്ക് കണ്ടിട്ടില്ല. അവർ ടിവിയുടെ മുന്നിൽ വരുമ്പോൾ തന്നെ മാതാപിതാക്കൾ പഠിക്കാൻ പറഞ്ഞ് വിടും. അവർക്ക് കൂടി വേണ്ടിയാണ് ഈ സ്‌ക്രീനിംഗ്’ – ഭരതൻ പറഞ്ഞു.
a