തന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന നഗ്നചിത്രം മോർഫ് ചെയ്തത്; മുംബൈ പൊലീസിനോട് രൺവീർ സിംഗ്

തന്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്നചിത്രം മോർഫ് ചെയ്തതാണെന്ന് നടൻ രൺവീർ സിംഗ്. തന്റെ സ്വകാര്യ ഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണെന്ന് രൺവീർ സിംഗ് മുംബൈ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞതായി എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.
ആഗസ്റ്റ് 29−നാണ് താരം പൊലീസിന് ഇത്തരമൊരു മൊഴി നൽകിയത്. വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 26−നാണ് രൺവീറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്. ജൂലൈ 21നാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എൻജിഒയിലെ ഒരു ഓഫിസർ നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292 (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കൾ വിൽക്കൽ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങൾ അല്ലെങ്കിൽ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫർമേഷന്‍ ടെക്നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പേപ്പർ മാഗസിനുവേണ്ടിയായിരുന്നു രൺവീർ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടർക്കിഷ് പരവതാനിയിൽ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. 70കളിലെ പോപ് താരം ബർട്ട് റെയ്നോൾഡ്സിന്റെ വിഖ്യാതമായ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.
hxzgh