ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും വിലക്കാൻ നീക്കവുമായി ഫിയോക്ക്
നടൻ ദിലീപിനേയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനേയും തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഭാരവാഹിത്വത്തിൽ നിന്ന് നിന്ന് പുറത്താക്കാൻ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ നീക്കം ചെയ്യണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയർമാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയർമാൻ. ഇരുവരേയും പുറത്ത് ചാടിക്കുന്ന വിഷയത്തിലടക്കമുള്ള അന്തിമ തീരുമാനങ്ങൾ ഈ മാസം 31ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ കൈക്കൊള്ളും.
തുടർച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയറ്റർ ഉടമകൾ നീക്കം നടത്തുന്നുണ്ട്. തുടർച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ ഭാരവാഹികളാക്കരുതെന്നാണ് പൊതുവികാരം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കപ്പെടുമ്പോഴും സിനിമകൾ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റർ ഉടമകളുടെ അതൃപ്തി. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലെത്തിയേക്കുമെന്ന സൂചനയെത്തുടർന്ന് സംഘടനയിലെ അംഗങ്ങളും ആന്റണി പെരുമ്പാവൂരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കമുള്ള അതൃപ്തി അംഗങ്ങൾ ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ ഫിയോക് മുന്‍പ് വിലക്കിയിരുന്നു. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയ്ക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് വ്യക്തമാക്കുകയായിരുന്നു.
