ഓസ്‌കർ ജേതാവായ നടൻ വില്യം ഹർട്ട് അന്തരിച്ചു
അമേരിക്കൻ നടനും ഓസ്കർ ജേതാവുമായ വില്യം ഹർട്ട് (71) അന്തരിച്ചു. അദ്ദേഹത്തിന്റ മകനാണ് മരണവാർത്ത പുറത്തുവിട്ടത്. 72−ാം പിറന്നാൾ ആഘോഷങ്ങൾക്ക് ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേർപാടെന്നും മകൻ വ്യക്തമാക്കി. 2018മുതൽ അർബുധ ബാധിതനായി ചികിത്സയിലായിരുന്നു ഹർട്ട്. 1950 മാർച്ച് 20ന് വാഷിങ്ടണിലാണ് ഹർട്ടിന്‍റെ ജനനം. കെൻ റസ്സൽ സംവിധാനം ചെയ്ത്, 1980ൽ പുറത്തിറങ്ങിയ ∍ആൾട്ടേർഡ് സ്റ്റേറ്റ്സ്∍ എന്ന ചിത്രത്തിലൂടെയാണ് ഹർട്ട് ചലച്ചിത്ര രംഗത്തെത്തുന്നത്. 1981ൽ പുറത്തിറങ്ങിയ ∍ബോഡി ഹീറ്റ്∍ എന്ന ചിത്രത്തിലൂടെ ഹർട്ട് ശ്രദ്ധേയനായി. തുടർന്ന് വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും ഹർട്ട് അവതരിപ്പിച്ചു.
1986ൽ ∍കിസ് ഓഫ് ദി സ്‌പൈഡർ വുമന്‍∍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹർട്ടിന് മികച്ച നടനുള്ള ഓസ്‌കർ ലഭിച്ചത്. ∍ചിൽഡ്രന്‍ ഓഫ് എ ലെസ്സർ ഗോഡ്∍, ∍ബ്രോഡ്കാസ്റ്റ് ന്യൂസ്∍ എന്നീ ചിത്രങ്ങൾക്കും അദ്ദേഹത്തിന് ഓസ്‌കർ നാമനിർദേശം ലഭിച്ചു. ∍എ ഹിസ്റ്ററി ഓഫ് വയലന്‍സ്∍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു. ദ ഇൻക്രഡിബിൾ ഹൾക്ക്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അവഞ്ചേർസ്: ഇൻഫിനിറ്റി വാർ, അവഞ്ചേർസ്: എന്‍ഡ് ഗെയിം, ബ്ലാക്ക് വിഡോ തുടങ്ങിയ മാർവൽ ചിത്രങ്ങളിലും ഹർട്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1971ലാണ് നടി മേരി ബെത് ഹർട്ടിനെ അദ്ദേഹം വിവാഹം കഴിച്ചത്. എന്നാൽ 1982ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് ഹെയ്ഡി ഹെൻഡേഴ്‌സണെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.

