“അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്” പുതിയ സിനിമ പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ
പ്രശസ്ത മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവി എഡിറ്റർ ഇന്‍ ചീഫുമായ അർണബ് ഗോസ്വാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ വ്യക്തമാക്കി. തന്റെ തീവ്രമായ അവതരണ ശൈലികൊണ്ട് ഒട്ടേറെ ആരാധകരെയും അതോടൊപ്പം വിമർശകരെയും നേടിയെടുത്ത വാർത്താ അവതാരകൻ കൂടിയാണ് അർണബ് ഗോസ്വാമി. ഈ അടുത്തിടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ടു ബോളിവുഡിലെ വന്പന്മാർക്കെതിരെ ആരോപണമുയർന്നപ്പോൾ, ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയിൽ അർണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താൻ ഞെട്ടിയെന്ന് രാം ഗോപാൽ വർമ്മ തന്റെ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.
ബോളിവുഡ് മുഴുവൻ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അർണബ് പറയുന്നത് എന്നും ക്രിമിനൽ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ അർണബ് വിശേഷിപ്പിക്കുന്നത് എന്നും രാം ഗോപാൽ വർമ്മ പറയുന്നു. ദിവ്യ ഭാരതി, ജിയാ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങൾ ഒരേ പോലെ അവതരിപ്പിക്കുന്ന അർണബ് ബോളിവുഡിനെ ഒരു കൊലപാതകിയുടെ രൂപത്തിലാണ് ചിത്രീകരിക്കുന്നതെന്നും രാം ഗോപാൽ വർമ്മ വിശദീകരിക്കുന്നു. ഇങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് തന്നെ, തന്റെ സിനിമയിലൂടെ അർണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. അർണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം തന്റെ ചിത്രത്തിന്റെ ടൈറ്റിലിന്റെ ടാഗ് ലൈൻ ആയി എന്ത് കൊടുക്കണമെന്ന് ആലോചിച്ചു എന്നും, ന്യൂസ് പിന്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറയുന്നു. രണ്ടും പ്രസക്തമായിരുന്നു എങ്കിലും ഒടുവിൽ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് കൊടുക്കാൻ തന്നെ താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വീറ്റുകളിൽ താൻ കുറച്ച് മോശം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും, അർണബിൽ നിന്നാണ് ഈ വാക്കുകൾ തനിക്കു ലഭിച്ചതെന്നും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.



