നിലപാട് മാറ്റി നിർമ്മാതാക്കളുടെ സംഘടന; പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാം
കൊച്ചി: പുതിയ സിനിമകർ നിർമ്മിക്കരുതെന്ന നിലപാടിൽ മാറ്റം വരുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിത്രീകരണമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാം. താരങ്ങളുടെ പ്രതിഫല വിഷയത്തിൽ അമ്മയും ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് എടുത്തതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിർമ്‍മാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.
ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പുതിയ സിനിമകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കരുതെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്‍പ് എടുത്തിരുന്ന തീരുമാനം. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം മാത്രം പുതിയ സിനിമകളുടെ നിർമ്മാണം ആരംഭിക്കാവു എന്നായിരുന്നു നിർദ്ദേശം. ഇതിനെതിരെ നിരവധി സംവിധായകർ രംഗത്ത് എത്തുകയും ചിത്രങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്. സിനിമയുടെ നിർമ്മാണ ചെലവ് പകുതിയായി കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിർദ്ദേശമുണ്ട്.


