ഡബ്ല്യുസിസിക്ക് ഇരട്ടത്താപ്പെന്ന് വിധു വിൻസെന്റ് രാജിക്കത്ത് പുറത്തുവിട്ടു
കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവിൽ ഇരട്ടത്താപ്പെന്നും വരേണ്യ നിലപാടുകളുണ്ടെന്നും സംവിധായക വിധു വിന്‍സെന്‍റ്. ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്ന രാജിക്കത്ത് വിധു വിന്‍സെന്‍റ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ബി. ഉണ്ണികൃഷ്ണന്‍ തന്‍റെ സിനിമ നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സിദ്ദിഖിനൊപ്പം പാര്‍വതി അഭിനയിച്ചതിനെ സംഘടന ചോദ്യം ചെയ്തിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്നും വിധു കത്തില്‍ ചോദിക്കുന്നു.
ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാകില്ല. നടന്‍ സിദ്ദിഖും സംവിധായകന്‍ രഞ്ജിത്തുമെല്ലാം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവരാണ്. എന്നുവച്ച് ഇവരെ തൊട്ടുകൂടാത്തവരായി പ്രഖ്യാപിക്കുമോ. സംഘടനയില്‍ അംഗമായ രമ്യാ നമ്പീശന്‍റെ സഹോദരന്‍ കൊച്ചിയില്‍ തുടങ്ങിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു. അപ്പോള്‍ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ എന്നു കത്തില്‍ ചോദിക്കുന്നു.
സംഘടനയുടെ നേതൃപദവിയിലുള്ള ഡബ്ല്യുസിസിയിലെ റിമ കല്ലിങ്കല്‍, പാര്‍വതി, ദീദി എന്നിവരെയും വിമര്‍ശിക്കുന്നു. കൂടുതല്‍ അപമാനിതയാകാനും തകരാനും താനില്ലെന്നും രാജിക്കത്തില്‍ വിധു പറഞ്ഞു.

