നെഗറ്റിവ് എനർജി തരുന്ന ഇടം; ട്വിറ്റർ ഡീയാക്ടിവേറ്റ് ചെയ്യാന്‍ ഒരുങ്ങി താരങ്ങള്‍
മുംബൈ: സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവിറ്റി പ്രചരിക്കുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീയാക്ടിവേറ്റ് ചെയ്യാന്‍ ഒരുങ്ങി ബോളിവുഡ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വിഷം ചീറ്റുന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളുമാണ് ലഭിക്കുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആരംഭിച്ചത്.
വിവേകം സംരക്ഷിക്കാനായി നെഗറ്റീവിറ്റിയില്‍ നിന്നും മാറി നില്‍ക്കണം, എന്നാല്‍ ട്വിറ്ററില്‍ അതു മാത്രമേയുള്ളു” എന്ന് കുറിച്ചാണ് ട്വിറ്റര്‍ ഡീയാക്ടിവേറ്റ് ചെയ്തതായി സൊനാക്ഷി സിന്‍ഹ അറിയിച്ചിരിക്കുന്നത്. ”ഞാന്‍ ട്വിറ്ററുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നു” എന്നാണ് നടനും മോഡലുമായ സാഖിബ് സലീം പങ്കുവച്ചിരിക്കുന്നത്.
വിദ്വേഷവും ഭീഷണി നിറഞ്ഞതും നെഗറ്റീവ് എനര്‍ജി തരുന്നതുമായ ഇടം തനിക്ക് ആവശ്യമില്ലെന്നും താരം കുറിച്ചിട്ടുണ്ട്. ആയുഷ് ശര്‍മ്മ, സഹീര്‍ ഇഖ്ബാല്‍ എന്നിവരും ട്വിറ്ററിനോട് ”ഗുഡ് ബൈ” പറഞ്ഞു കഴിഞ്ഞു. നടി സ്‌നേഹ ഉല്ലാലും ട്വിറ്റര്‍ ഡീയാക്ടീവേറ്റ് ചെയ്യുകയാണെന്ന സൂചനും തന്നു.
സോഷ്യല്‍ മീഡിയയകള്‍ വിഷം ചീറ്റുന്നവയായി മാറിയിട്ടുണ്ടെന്ന് നടി കൃതി സനോനും കുറിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ ആര്‍ഐപി പോസ്റ്റ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് കൃതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുശാന്തിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തതോടെ കൃതിയെ ആരാധകര്‍ മഹത്വവത്ക്കരിച്ചിരുന്നു.

