വിവാദങ്ങള്‍ക്കിടെ ഷെയിന്‍ വിക്രമിനൊപ്പം തമിഴിലേക്ക്
മലയാള സിനിമാ നിര്‍മാതാക്കളുടെ വിലക്ക് നേരിടുന്ന നടന്‍ ഷെയിന്‍ നിഗം തമിഴ് സിനിമയുടെ ഭാഗമാകുന്നു. തമിഴ് സിനിമയുടെ ഭാഗമാകുന്ന കാര്യം ഷെയിന്‍ നിഗം തന്നെയാണ് വ്യക്തമാക്കിയത്. ചിയാന്‍ വിക്രത്തിന്റെ 58-ാമത്തെ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ ഷെയിന്‍ വരുന്നത്. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റഷ്യയില്‍ നിന്നുള്ള ഭാഗങ്ങളിലായിരിക്കും ഷെയിന്‍ അഭിനയിക്കുക. പുതിയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ് സിനിമയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തും. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുക. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

