ഹാപ്പി സർ‍ദാറിന്റെ സെറ്റിൽ സംഭവിച്ചത് എന്ത്: മാലാ പാർ‍വതി പറയുന്നു


തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടി മാല പാർ‍വ്വതി വിവാദ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഹാപ്പി സർ‍ദാർ‍’ എന്ന സിനിമയുടെ സെറ്റിൽ‍ മൂത്രമൊഴിക്കാൻ‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചിലവിൽ‍ താൻ ‍ ഒരു കാരവൻ‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നും നടി ഫേ്സ്ബുക്കിൽ‍ കുറിച്ചിരുന്നു. സംഭവിച്ചതിന്റെ സത്യാവസ്ഥ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന്റെ ഓൺ‍ലൈനിന് നൽ‍കിയ അഭിമുഖത്തിൽ‍ സംഭവിച്ചതെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാലാ പാർ‍വതി.

പലപ്പോഴും സെറ്റിൽ‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും ചിത്രത്തിൽ‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾ‍ക്ക് വണ്ടിക്കൂലി പോലും നിർ‍മ്മാതാവ് കൊടുത്തില്ലെന്നും അഭിമുഖത്തിൽ‍ മാല പറയുന്നു.

ഇതുവരെ എൺപത്തിയാറ് സിനിമകൾ‍ ചെയ്ത വ്യക്തിയാണ് ഞാൻ‍. എന്റെ കരിയറിൽ‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ കടന്നു പോവുന്നത്. ചിത്രത്തിൽ‍ അഭിനയിച്ച 37 ദിവസം മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മുതൽ‍ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റിൽ‍ പ്രാഥമിക ആവശ്യങ്ങൾ‍ നിർ‍വ്വഹിക്കാൻ‍ തന്ന സ്ഥലം ബ്ലോക്ക് ആയിരുന്നു, പലപ്പോഴും ഈ കാര്യം പ്രൊഡക്ഷൻ‍ ടീമിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂത്രത്തിൽ‍ അണുബാധയായി ഞാൻ ആശുപത്രിയിൽ‍ പോവേണ്ടി വരെ വന്നു. തുടർ‍ന്ന് എന്റെ സ്വന്തം പണം മുടക്കിയാണ് ഞാൻ കാരവൻ‍ എടുത്തത്. ഇത് അവർ‍ക്ക് ഇഷ്ടമായില്ല. അതിന്റെ പേരിൽ‍ മാനസികമായി പീഡിപ്പിച്ചു.

പല ദിവസവും ഭക്ഷണം തന്നില്ല. വെള്ളം കുടിച്ചാൽ‍ പോലും കണക്ക് പറയുന്ന അവസ്ഥയാണ് നിർ‍മ്മാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിത്രത്തിൽ‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾ‍ക്ക് വണ്ടിക്കൂലി പോലും നിർ‍മ്മാതാവ് കൊടുത്തില്ല, ടോയ്‌ലെറ്റ് പോലെയുള്ള അടിസ്ഥാനസൗകര്യം ഇല്ലാത്തതിനാൽ‍ ആ കുട്ടികളും എന്റെ കാരവനാണ് ഉപയോഗിച്ചത്. സിനിമയിലെ സംവിധായകരെ ഓർ‍ത്താണ് ഞാൻ‍ ഷൂട്ടിംഗ് സമയത്ത് എല്ലാം സഹിച്ച് നിന്നത്. എന്നാലും അവകാശങ്ങൾ‍ക്ക് വേണ്ടി ഞാൻ‍ പ്രതികരിച്ചു. ”എന്റെ പൈസ തിന്ന് തീർ‍ത്തിട്ട് മിണ്ടുന്നോ” എന്നാണ് നിർ‍മ്മാതാവ് ഹസീബ് ഹനീഫ് ചോദിച്ചത്.

നിർ‍മ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനിൽ‍ സ്ഥിരമായി ഉണ്ടായിരുന്നു. പലപ്പോഴും സെറ്റിൽ‍ പരസ്പരം മിണ്ടാൻ പാടില്ലെന്ന് അവർ‍ നിയമം പുറപ്പെടുവിച്ചു. പുതിയതായി അഭിനയിക്കാൻ‍ വന്ന കുട്ടികളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ‍ സ്ത്രീകളുടെ റൂമിൽ‍ നിർ‍മ്മാതാവിന്റെ സുഹൃത്തുക്കൾ‍ എന്ന് പറഞ്ഞ് കുറച്ചാളുകൾ‍ അതിക്രമിച്ച് കയറി. ഇവരെ ഞാൻ‍ ഇറക്കി വിട്ടു. അത് എന്നോടുള്ള ദേഷ്യത്തിന് കാരണമായി. നിർ‍മ്മാതാവിന്റെ കാഷ്യർ‍ സഞ്ജയ് പാലാണ് അവിടെ ഓരോ നിയമങ്ങൾ‍ കൊണ്ടുവന്നത്. മര്യാദയില്ലാത്ത സംസാരമാണ് പലപ്പോഴായി അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സെറ്റിലെ മോശം അവസ്ഥയെ പറ്റിയും നിർ‍മ്മാതാവിന്റെ പെരുമാറ്റത്തെ കുറിച്ചും ഞാൻ‍ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചു. അവരുടെ ഭാഗത്ത് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. പ്രശ്‌നത്തിൽ‍ ഇടപ്പെട്ടു. ഫേസ്ബുക്കിലൂടെ നിർ‍മ്മാതാവിന്റെ കാഷ്യർ‍ സഞ്ജയ് പാൽ‍ എന്നെ അപമാനിക്കുന്നത് മമ്മൂട്ടിയുടെ ശ്രദ്ധയിൽ‍ പെട്ടിരുന്നു. അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ‍ ബാദുഷയെ വിളിച്ച് കാര്യങ്ങൾ‍ തിരക്കി. പ്രശ്‌നത്തിൽ‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു. രഞ്ജി പണിക്കർ‍, ബി ഉണ്ണികൃഷ്ണൻ‍, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാർ‍, ഇവരെല്ലാം വിളിച്ച് സംഭവത്തെ കുറിച്ച് തിരക്കി. എല്ലാവരും എന്നോടൊപ്പം നിന്നു.

ഈ സംഭവങ്ങൾ‍ അറിഞ്ഞതോടെ ആന്റോ ജോസഫ് ഇടപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ‍ പ്രൊഡക്ഷൻ‍ കൺട്രോളർ‍മാരുടെ മീറ്റിംഗ് വിളിക്കാൻ‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റിലുണ്ടായ മോശം അവസ്ഥ അറിഞ്ഞതോടെ സിനിമയ്ക്ക് ബജറ്റ് ഇടുന്പോൾ‍ സ്ത്രീകളുടെ സൗകര്യങ്ങൾ‍ ഉറപ്പു വരുത്തണമെന്നും അടിസ്ഥാനസൗകര്യങ്ങൾ‍ ഇല്ലാതെ സിനിമ തുടങ്ങാൻ‍ പാടില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ‍ തീരുമാനം എടുത്തു. ഡബ്യു.സി.സിയ്ക്കും ഒരു കത്ത് അയച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed