ഞങ്ങൾ കൈയേറ്റക്കാരല്ല
കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഉടമകളുടെ ധർണ. മരട് നഗരസഭാ ഓഫീസിന് മുന്പിൽ നടത്തിയ ധർണയിൽ നടൻ സൗബിൻ ഷാഹിർ, മേജർ രവി, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഞങ്ങൾ കൈയേറ്റക്കാരല്ല, നിയമാനുസൃതം വീട് വാങ്ങിയവരാണ് എന്ന മുദ്രാവാക്യം മുന്‍നിർത്തിയായിരുന്നു ധർണ. മരട് ഭവന സംരക്ഷണസമിതി നടത്തിയ ധർണ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭാതിർത്തിയിലെ അഞ്ചു ഫ്‌ളാ റ്റുകൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.
അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്‌മെന്റുകളാണ് പൊളിക്കാൻ ഉത്തരവിട്ടത്.

